ഇരിട്ടി: ആറളം ഫാമിൽ ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമി സ്വകാര്യ സംരംഭകർക്ക് പാട്ടത്തിന് കൊടുക്കാനുള്ള നീക്കത്തിൽ നിന്നും ഫാം മാനേജ്‌മെന്റ് പിൻമാറിയില്ലെങ്കിൽ പാട്ടഭൂമിയിൽ കുടിൽകെട്ടി ആദിവാസികൾ സമരത്തിനിറങ്ങുമെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. ഫാം ഭൂമി സ്വകാര്യ സംരംഭകർക്ക് നൽകാനുള്ള നീക്കം പിൻവലിക്കുക, ഫാം ഭൂമി ആദിവാസികൾക്ക് പതിച്ചു നൽകുക തുടങ്ങിയാവശ്യങ്ങൾ ഉന്നയിച്ച് ആദിവാസി ദളിത് മുന്നേറ്റ സമിതിയും ഗോത്രജനസഭയും ആറളം ഫാം ഓഫീസിലേക്ക് നടത്തിയ മാർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാം നഷ്ടത്തിലാണെങ്കിൽ ആഭൂമികൂടി ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചു നൽകുകയാണ് വേണ്ടത്. ഫാം ഭൂമി ആദിവാസികൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ആദിവാസി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി ഒരു ദിവസത്തേക്കാണെങ്കിലും മറ്റ് ആവശ്യങ്ങൾക്കായി നൽകിയാൽ രാഷ്ട്രീയമായും നിയമ പരമായും നേരിടും. സ്വകാര്യ സംരംഭകർ ഫാം ഭൂമികണ്ട് പണം ചിലവഴിക്കാനിറങ്ങിയാൽ നഷ്ടം അവർക്ക് മാത്രമായിരിക്കും. ഇപ്പോൾ ആദിവാസികളിൽ നിന്നും പ്രതികരണമൊന്നും ഇല്ലെന്ന് കരുതി ചാടിയിറങ്ങിയവർക്ക് ആദിവാസികളുടെ യഥാർത്ഥ മുഖം എന്താണെന്ന് കാണേണ്ട സയത്ത് മനസിലാകുമെന്നും ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. ആദിവാസികളുടെ പേരിൽ വ്യാജ കണ്ണീർ പൊഴിക്കുന്നവർ തന്നെയാണ് ഇത്തരം ചൂഷണങ്ങൾക്കും കുടപിടിക്കുന്നത്.
ഫാം എം.ടിയും ചെയർമാനായ ജില്ലാ കളക്ടറും മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇത്തരം കാര്യങ്ങളെല്ലാം ചെയ്യിക്കുന്നതെന്നും ശ്രീരാൻ കൊയ്യോൻ കുറ്റപ്പെടുത്തി. ജില്ലയിലെ മൂഴുവൻ ആദിവാസികളെയും സംഘടിപ്പിച്ച് രണ്ടാം ആറളം ഫാം ഭൂഅവകാശ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി ഗോത്ര ജനസഭ പ്രസിഡന്റ് പി.കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു. ഗോത്ര ജനസഭ നേതാക്കളായ ടി.സി. കുഞ്ഞിരാമൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ, ബിന്ദു രാജൻ, ടി.എ. രമണി എന്നിവർ സംസാരിച്ചു.
إرسال تعليق