ദില്ലി :സൗരോർജ്ജ കരാറുകൾ നേടാൻ ഇന്ത്യയിൽ 2000 കോടിയിലധികം രൂപ കൈക്കൂലി നല്കിയെന്ന് ആരോപിച്ച് ഗൗതം അദാനിക്കെതിരെ അമേരിക്കൻ അന്വേഷണ ഏജൻസിയുടെ കുറ്റപത്രം പുറത്ത് വന്നതിന് പിന്നാലെ കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ. അദാനിക്കെതിരെ ഉടൻ സിബിഐ കേസെടുക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലായി നടന്ന അഴിമതി അമേരിക്കൻ ഏജൻസി കണ്ടെത്തേണ്ടി വന്നത് അപമാനകരമാണ്. പ്രധാനമന്ത്രിയുടെ സംരക്ഷണം കാരണമാണ് അദാനിക്കെതിരെ കേസില്ലാത്തതെന്നെന്നും സിപിഎം ചൂണ്ടിക്കാട്ടി.
സൗരോർജ്ജ കരാറുകൾ നേടാൻ ഇന്ത്യയിൽ 2000 കോടിയിലധികം രൂപ കൈക്കൂലി നല്കിയെന്ന് ആരോപിച്ചാണ് ഗൗതം അദാനിയും മരുമകനും അടക്കം എട്ടു പേർക്കെതിരെ അമേരിക്കൻ അന്വേഷണ ഏജൻസിയുടെ കുറ്റപത്രം. അമേരിക്കയിൽ നിന്ന് അദാനിയുടെ കമ്പനി നിക്ഷേപം സ്വീകരിച്ചത് കൈക്കൂലി വഴി നേടിയ കരാറുകൾ കാണിച്ചെന്നാണ് കുറ്റപത്രം. ആന്ധ്രപ്രദേശിൽ ഭരണത്തിന് നേതൃത്വം നൽകിയ ഉന്നതന് 1750 കോടിയുടെ കൈക്കൂലി ഗൗതം അദാനി നേരിട്ട് കണ്ട് ഉറപ്പിച്ചുവെന്ന് കുറ്റപത്രം പറയുന്നു. ഒഡീഷ, തമിഴ്നാട്, ഛത്തീസ്ഗഡ്, ജമ്മുകശ്മീർ തുടങ്ങിയ സർക്കാരുകൾക്കും കൈക്കൂലി വാഗ്ദാനം ചെയ്തെന്നാണ് കേസ്.
2023ൽ തുങ്ങിയ അന്വേഷണത്തിന് ഒടുവിലാണ് അദാനിക്കെതിരെ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ കുറപത്രം നല്കിയിരിക്കുന്നത്. മൗറീഷ്യസ് ആസ്ഥാനമായുള്ള ഉപകമ്പനി വഴി അദാനി അമേരിക്കൻ ഓഹരിവിപണിയിൽ നിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നു. ഇന്ത്യയിൽ സൗരോർജ്ജം വാങ്ങാനുള്ള കരാർ സംസ്ഥാന സർക്കാരുകളിൽ നിന്ന് കിട്ടിയെന്ന് കാണിച്ചാണ് അമേരിക്കൻ നിക്ഷേപം സ്വീകരിച്ചത്. കൈക്കൂലിയിലൂടെ കരാർ ഉറപ്പിച്ചത് അമേരിക്കൻ നിക്ഷേപകരെ കബളിപ്പിക്കലാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് കോടതിയിലെ കേസ്. കേസിൽ എട്ടു പ്രതികൾ ആണ് ഉള്ളത്. അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിയാണ് ഒന്നാം പ്രതി. അദാനിയുടെ മരുമകനും ഊർജ്ജ കമ്പനി എംഡിയുമായ സാഗർ അദാനി, സിഇഒ വിനീത് ജയിൻ എന്നിവരാണ് രണ്ടു മൂന്നും പ്രതികൾ. അദാനി ഉപകമ്പനിയിൽ നിക്ഷേപം നടത്തിയ കനേഡിയൻ സ്ഥാപനത്തിലെ വിദേശ ഉദ്യോഗസ്ഥനും പ്രതിപട്ടികയിലുണ്ട്
إرسال تعليق