ചിറ്റൂർ: ഉറങ്ങാൻ കിടന്ന മുത്തശ്ശിക്കും കൊച്ചുമകൾക്കും പാമ്പ് കടിയേറ്റതിൽ 8 വയസുകാരിയായ ബാലിക മരിച്ചു. വണ്ണാമട മൂലക്കട കുമരനൂർ മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് ജില്ലാ ആശുപത്രിയിൽ മരിച്ചത്. മുത്തശ്ശി റഹ്മത്ത് ബീവി (61) ജില്ലാ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് .
ചൊവ്വാഴ്ച പുലർച്ചെ 1.30 ന് എരുത്തേമ്പതി പഞ്ചായത്തിലെ മൂലക്കട കുമരനൂരിലാണ് സംഭവം. ഗോപാലപുരത്ത് കോഴിക്കടയിൽ ജോലി ചെയ്യുന്ന അച്ഛനും, അമ്മയും മൂലക്കടയിൽ വാടക വീട്ടിലും ഇതിന് സമീപത്ത് പുറമ്പോക്ക് സ്ഥലത്ത് ഷീറ്റ് കൊണ്ട് മേഞ്ഞ വീട്ടിലാണ് മുത്തച്ഛൻ
മുതലീഫും മുത്തശ്ശി റഹ്മത്ത് ബീവിയുംതാമസം. ചൊവ്വാഴ്ച രാത്രിയിൽ മുത്തശ്ശിക്കൊപ്പമാണ് അസ്ബിയ ഫാത്തിമ ഉറങ്ങാൻ കിടന്നത്. ഉറങ്ങിക്കിടക്കുന്നതിടെ മുത്തശ്ശി റഹമത്ത് ബീവിക്കും (61) ചെറുമകൾ അസ്ബിയ ഫാത്തിമക്കും (8) കെട്ടുവിരിയൻ ഇനത്തിൽപ്പെട്ട പാമ്പിന്റെ കടിയേറ്റു.
മുത്തശ്ശിയുടെ നിലവിളി കേട്ട് ഉണർന്ന വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇരുവരെയും ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡ്യൂട്ടി ഡോക്ടറുടെ ദേഹപരിശോധനയിൽ മുത്തശ്ശിക്ക് കാലിൽ പാമ്പിന്റെ കടിയേറ്റതിന്റെ പാടുകൾ കണ്ടെത്തി തുടർന്ന് ഇവർക്ക് പ്രാഥമിക കുത്തിവെപ്പും നടത്തി. എന്നാൽ കുഞ്ഞിനെ പരിശോധിച്ചതിൽ പാമ്പുകടിയേറ്റതിന്റെ പാടുകൾ ഒന്നും കണ്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഇതിനിടെ കുഞ്ഞിന് ശർദ്ദിയുണ്ടായതിന് തുടർന്ന് ഫുഡ് പോയ്‌സനുള്ള മരുന്ന് നൽകിയതായും പറയപ്പെടുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ജില്ലാശുപത്രിയിലും എത്തിച്ചു.ജില്ലാശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച റഹ്മത്തിന്റെ ചികിൽസ തുടരുന്നതിനിടെ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന കുട്ടി ഛർദ്ദിച്ച് അവശയായി തളർന്നു വീഴുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിക്കും പാമ്പുകടിയേറ്റിരുന്ന വിവരം സ്ഥിരികരിക്കുന്നത്. ഉടൻ കുഞ്ഞിനും 'ചികിത്സ ആരംഭിച്ചെങ്കിലും നാല് മണിയോടെ മരണപ്പെട്ടു.
കാൽമുട്ടിന്റെ താഴെയായാണ് കുട്ടിക്ക് പാമ്പ് കടിയേറ്റിരിക്കുന്നത്. കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടു നൽകിയ മുതദേഹം വൈകിട്ട് സംസ്ക്കരിച്ചു. കുന്നംങ്കാട്ടുപതി ജി എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരി : രണ്ടു വയസ്സുകാരിയായ അസ്മ തസ്ലിൻ.
إرسال تعليق