കൊച്ചി: എറണാകുളം പറവൂരില്‍ നടന്ന മോഷണത്തിന് കുറുവ സംഘത്തിന്റെ മോഷണവുമായി സാമ്യമില്ലെന്ന് പോലീസ്. കുറുവാസംഘത്തിന്റെ വേഷത്തില്‍ എത്തിയ മറ്റു മോഷ്ടാക്കളാകാം സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമം തള്ളികളയാനാവില്ലെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം പ്രദേശത്ത് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താനാണ് പദ്ധതി. രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.തമിഴ്‌നാട് സ്വദേശികളായ മണികണ്ഠന്‍, സന്തോഷ് സെല്‍വം തുടങ്ങിയവര്‍ ഇന്നലെയാണ് പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി ഇവരില്‍ നിന്ന് പോലീസ് പ്രാഥമിക വിവരങ്ങള്‍ തേടിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം തമിഴ്‌നാട് സ്വദേശികളിലേക്ക് എത്തിയത്.
കസ്റ്റഡിയിലെടടുത്തതിന് പിന്നാലെ പ്രതികളിലൊരാളായ സന്തോഷ് സെല്‍വം പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെ നാല് മണിക്കൂര്‍ നീണ്ട തിരിച്ചിലിനൊടുവിലാണ് ഇയാളെ പോലീസ് പിടികൂടിയത്.കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പില്‍ വലിച്ചുകെട്ടിയ ടാര്‍പ്പോളിന്‍ ഷീറ്റിന് അടിയില്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു സന്തോഷ്.
ആലപ്പുഴയിലും കുറുവസംഘത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എറണകുളത്ത് നിന്നും കണ്ടെത്തിയത് വ്യാജ കുറുവ സംഘത്തെയാണ് എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആലപ്പുഴയിലെ സംഘത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പകല്‍ മുഴുവന്‍ വീടുകള്‍ നിരീക്ഷിച്ച് രാത്രികളില്‍ മോഷണത്തിന് എത്തുന്നതാണ് കുറുവ സംഘത്തിന്റെ രീതി. ഉരല്‍ നിര്‍മാണം, ചൂല്‍ വില്‍പ്പന, ഭിക്ഷാടനം, ആക്രിപെറുക്കല്‍, ധനസഹായ ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി കുറുവ സംഘത്തിലെ സ്ത്രീകളുടെ സംഘം വീടുകളില്‍ കയറിയിറങ്ങും. തുടര്‍ന്ന് ഒരു വര്‍ഷത്തോളം കാത്തിരുന്ന ശേഷം മോഷണം നടത്തും.
إرسال تعليق