Join News @ Iritty Whats App Group

'സി.സി.ടി.വി. ക്യാമറ തിരിച്ച്‌ ദിശമാറ്റി, കവര്‍ച്ചാസംഘം നേരേ പോയത് ലോക്കര്‍ സൂക്ഷിച്ചിരുന്ന മുറിയിലേക്ക്'

ണ്ണൂർ: അന്തസ്സംസ്ഥാന കവർച്ചാസംഘത്തില്‍പ്പെട്ട മൂന്നുപേരെത്തിയാണ് വളപട്ടണത്ത് കവർച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

വീടും കുടുംബവുമായുള്ള കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ആസൂത്രണത്തോടെയാണ് സംഘം എത്തിയതെന്ന് കവർച്ചാരീതിയില്‍നിന്ന് മനസ്സിലായതായി അന്വേഷണസംഘം പറയുന്നു.

വീടിന്റെ തെക്കുഭാഗത്ത് പാർട്ടി ഓഫീസിനോടുചേർന്നുള്ള മതില്‍ ചാടിക്കടന്നാണ് ബുധനാഴ്ച രാത്രി 8.15-ഓടെ രണ്ടുപേർ ഇരുനില വീട്ടിലെത്തിയത്. താഴത്തെ നിലയിലെ ചുമരില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറ തിരിച്ച്‌ ദിശമാറ്റി വെക്കുകയാണ് ആദ്യംചെയ്തത്. എന്നാല്‍, വീടിന്റെ ഇടതുഭാഗത്തുള്ള കാർപോർച്ചിലെ സി.സി.ടി.വി.യില്‍ ആ ദൃശ്യം വ്യക്തമായിട്ടുണ്ട്. രണ്ടുപേർ മതില്‍ ചാടിക്കടക്കുന്നതായും ഒരാള്‍ റോഡിന് സമീപം നില്‍ക്കുന്നതായും ദൃശ്യത്തിലുണ്ടെന്നാണ് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം.

കവർച്ചാസംഘം ആദ്യം പിന്നിലെ വാതില്‍ തകർത്ത് അകത്തുകയറാനാണ് ശ്രമിച്ചത്. അത് പരാജയപ്പെട്ടതോടെയാണ് അടുക്കളഭാഗത്തെ ജനല്‍ ലക്ഷ്യമിട്ടത്. മൂന്ന് പാളികളുള്ള ജനലിന്റെ ഇരുമ്ബുഗ്രില്ല് ഇളക്കിമാറ്റിയശേഷം അതുവഴിയാണ് അകത്തേക്ക് കടന്നത്. വീടിനകത്ത് കടന്ന സംഘം ലോക്കർ സൂക്ഷിച്ചിരുന്ന മുറിയിലേക്കാണ് നേരേ പോയത്. 30 മുതല്‍ 45 മിനിട്ടുകള്‍ക്കുള്ളില്‍ കവർച്ച നടത്തി രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

വീടും പരിസരവും കൃത്യമായി മനസ്സിലാക്കിയവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. അഷറഫും ഭാര്യയുമാണ് വീട്ടില്‍ താമസം. മകൻ അഴീക്കോട്ടും മകള്‍ ബെംഗളൂരിലുമാണ്. എന്നാല്‍ മകൻ അദിനാൻ അഷറഫ് മിക്കപ്പോഴും മന്നയിലെ വീട്ടില്‍ വരാറുമുണ്ട്. വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി.വി.സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.കവർച്ചയറിഞ്ഞ് തിങ്കളാഴ്ച രാവിലെ മുതല്‍ നാട്ടുകാരും വീട്ടിന് മുന്നില്‍ തമ്ബടിച്ചിരുന്നു.

പോലീസ് നായ ഓടിയത് റെയില്‍വേ സ്റ്റേഷനിലേക്ക്

രാവിലെ 10.15-ഓടെയാണ് ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തിയത്. കവർച്ചസംഘം വീട്ടിനകത്തേക്ക് കടന്ന ജനല്‍പ്പാളിയില്‍നിന്നും കിടപ്പുമുറിയിലെ ലോക്കറില്‍നിന്നും പോലീസ് നായ റിക്കി മണംപിടിച്ച്‌ നേരേ പുറത്തേക്ക് ഓടി. വീടിനോടുചേർന്നുള്ള പാർട്ടി ഓഫീസിന്റെ വരാന്തയില്‍ കയറി. തുടർന്ന് വീടിന്റെ തൊട്ടടുത്തുള്ള ചെറു റോഡിലൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് ഓടി. ഇടയ്ക്ക് സമീപത്തെ കുറ്റിക്കാട്ടില്‍നിന്നു. പിന്നീട് പടവുകള്‍ ഇറങ്ങി റെയില്‍വേ ട്രാക്കിലേക്ക് എത്തി. പിന്നീട് 300 മീറ്ററോളം ദൂരത്തില്‍ പാളത്തിനരികിലൂടെ ഓടി വളപട്ടണം റെയില്‍വേ സ്റ്റേഷനില്‍ ചെന്നുനിന്നു. റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിലെ വടക്കുഭാഗത്തുള്ള സ്റ്റോർ റൂമിന് മുന്നിലാണ് പോലീസ് നായ ഓട്ടംനിർത്തിയത് പോലീസ് നായ അവിടെ ഇരുന്നതോടെ കവർച്ചസംഘം അവിടെവരെ എത്തിയതായി പോലീസ് അനുമാനിക്കുന്നു.

കവർച്ചയ്ക്കുശേഷം മോഷ്ടാക്കള്‍ റെയില്‍മാർഗം രക്ഷപ്പെട്ടിരിക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. രാത്രി ഒൻപതിന് തിരുവനന്തപുരം ഭാഗത്തേക്കുള്ള മലബാർ എക്സ്പ്രസിനും രാവിലെ 6.30-ന് മംഗളൂരു ഭാഗത്തേക്കുള്ള മലബാർ എക്സ്പ്രസിനും മാത്രമാണ് ഈ സമയങ്ങളില്‍ വളപട്ടണം സ്റ്റേഷനില്‍ സ്റ്റോപ്പുള്ളൂ. അതുകൊണ്ട് കവർച്ചസംഘം ഈ തീവണ്ടികളില്‍ ഏതിലെങ്കിലും ഒന്നില്‍ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ നിഗമനം. അർധരാത്രിക്കുശേഷം അതുവഴി കടന്നുപോയ ഏതെങ്കിലും തീവണ്ടി സാങ്കേതിക കാരണങ്ങളാല്‍ വേഗം കുറച്ച്‌ പോയപ്പോള്‍ ചാടിക്കയറി രക്ഷപ്പെടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.



Post a Comment

أحدث أقدم
Join Our Whats App Group