Join News @ Iritty Whats App Group

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണം; പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമം കൂടി ചേർത്തു


പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമം കൂടി ചേർത്തു. പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഡിവൈഎസ്പിക്ക് ഇനി അന്വേഷണ ചുമതല. സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥിനികളുടെയും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തായിരുന്നു അമ്മു സജീവിന്റെ സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. അമ്മുവിന്റെ മരണത്തിൽ പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്ന് സഹപാഠികളെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികളും അമ്മുവുമായുള്ള തർക്കവും അതിൽ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൻ്റെ റിപ്പോർട്ടും പ്രതികൾക്കെതിരായി. സഹപാഠികൾക്കെതിരെ അമ്മു കോളേജ് പ്രിൻസിപ്പലിന് നൽകിയ കുറിപ്പും കേസിന്റെ ഭാഗമാക്കി.

അതേസമയം, അമ്മു ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവർത്തിക്കുകയാണ് കുടുംബം. കുടുംബം ഉന്നയിക്കുന്ന ചികിത്സാ പിഴവടക്കമുള്ള ആരോപണങ്ങളിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group