Join News @ Iritty Whats App Group

പണം ഇല്ലെന്ന കാരണത്താൽ കുട്ടികളെ പഠനയാത്രയിൽ നിന്ന് ഒഴിവാക്കരുത്: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം > പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിൽ പഠനയാത്രകൾ, സ്കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ മന്ത്രി പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

സ്കൂൾ പഠനയാത്രകൾ, വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നു. ആയതിനാൽ പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

സ്കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാ ചെലവ് ബന്ധപ്പെട്ട പിടിഎ കമ്മിറ്റികളോ സ്റ്റാഫ് മാനേജ്മെൻ്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണ്.

സ്കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ജന്മദിനംപോലുള്ള വ്യക്തിഗത ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികൾക്ക് സമ്മാനങ്ങൾ നൽകാൻ കുട്ടികൾ നിർബന്ധിതരാകുന്നു. സമ്മാനങ്ങൾ കൊണ്ട് വരാത്ത കുട്ടികളെ വേർതിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആയതിനാൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കുന്നതിന് സ്കൂൾ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി.

Post a Comment

أحدث أقدم
Join Our Whats App Group