തിരുവനന്തപുരം: പാലക്കാട്ട് വിജയിച്ച കോണ്‍ഗ്രസ് അംഗം രാഹുൽ മാങ്കൂട്ടത്തിലിന്റെയും ചേലക്കരയിലെ വിജയി സിപിഎമ്മിലെ യു.ആർ. പ്രദീപിന്റെയും നിയമസഭാംഗങ്ങളായുള്ള സത്യപ്രതിജ്ഞ ഡിസംബർ നാലിന് നടക്കും. ഉച്ചയ്ക്ക് 12നു നിയമസഭയിലെ മെംബേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ മുൻപാകെയാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാരാകുന്നത്.
ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽനിന്ന് 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ജയിച്ചത്; യു.ആർ. പ്രദീപ് ചേലക്കരയിൽ നിന്ന് 12,221 വോട്ടിന്റെ ഭൂരിപക്ഷത്തിലും. രാഹുൽ കന്നി അംഗമായി എത്തുന്പോൾ, യു.ആർ. പ്രദീപ് നേരത്തെ ചേലക്കരയെ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.
ജയം തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ച തീയതി മുതൽ ശന്പളത്തിന് അർഹതയുണ്ടെങ്കിലും സത്യപ്രതിജ്ഞ ചെയ്യുന്ന തീയതി മുതലാണ് മറ്റ് ആനുകൂല്യങ്ങൾ എംഎൽഎമാർക്കു ലഭിക്കുക. 70,000 രൂപയാണ് എംഎൽഎമാർക്ക് ശന്പളവും മറ്റ് അലവൻസുകളും ഇനത്തിൽ കൈയിലെത്തുക.
പ്രതിമാസ ശന്പളമായി 2,000 രൂപ, മണ്ഡല അലവൻസ് 25,000, ടെലിഫോണ്‍ അലവൻസ് 11,000, ഇൻഫർമേഷൻ അലവൻസ് 4,000, അതിഥി സത്കാരം 8,000, യാത്രാപ്പടി 20,000 തുടങ്ങിയ ഇനത്തിലാണ് 70,000 രൂപ ലഭിക്കുക. കൂടാതെ, കുടുംബത്തിന് പരിധിയില്ലാത്ത ചികിത്സാ ആനുകൂല്യങ്ങളുമുണ്ട്. വീടുനിർമാണത്തിന് 20 ലക്ഷം രൂപ കുറഞ്ഞ പലിശ നിരക്കിലും വാഹനം വാങ്ങാൻ 10 ലക്ഷം രൂപ പലിശരഹിത അഡ്വാൻസായും എംഎൽഎയ്ക്കു ലഭിക്കും. രണ്ട് പേഴ്സണൽ സ്റ്റാഫിനെയും നിയമിക്കാം.
إرسال تعليق