Join News @ Iritty Whats App Group

അവസാനഘട്ടത്തില്‍ ട്രംപും കമലയും ഒപ്പത്തിനൊപ്പം; വിധിനിര്‍ണയിക്കുക സ്വിങ് സ്റ്റേറ്റുകള്‍; നേരിയ മുന്‍തൂക്കം ട്രംപിന; അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ആകാംക്ഷ


യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അന്ത്യഘട്ടത്തോട് അടുക്കുമ്പോള്‍ നിര്‍ണായകമായി സ്വിങ് സ്‌റ്റേറ്റുകള്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ഏഴ് സ്വിംഗ് സ്റ്റേറ്റുകളില്‍ ആറിലും ട്രംപ് തന്നെയാണ് മുന്നില്‍. അരിസോണ, മിഷിഗണ്‍, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സിന്‍, ജോര്‍ജിയ, നോര്‍ത്ത് കാരോളൈന എന്നിവിടങ്ങളില്‍ ട്രംപ് മുന്നേറുകയാണ്.ഇതുവരെ ട്രംപിന് 232 ഇലക്ട്രറല്‍ വോട്ടും കമലയ്ക്ക് 216 ഇലക്ട്രറല്‍ വോട്ടുകളും നേടിയിട്ടുണ്ട്.

പോപ്പുലര്‍ വോട്ടില്‍ മുന്നിലെത്തിയാലും 270 ഇലക്ടറല്‍ വോട്ടുകള്‍ നേടാനായാല്‍ മാത്രമേ ആരാകും പ്രസിഡന്റെന്ന് ഉറപ്പിക്കാനാകൂ. അവിടെയാണ് സ്വിങ് സ്റ്റേറ്റുകള്‍ എന്ന ഏഴ് സംസ്ഥാനങ്ങള്‍ നിര്‍ണായകമാവുന്നത്. ഒരു പാര്‍ട്ടിയുടെയും കോട്ടയല്ലാത്ത, എങ്ങോട്ടും ചായാവുന്ന സംസ്ഥാനങ്ങളാണ് ഈ സ്വിങ് സ്റ്റേറ്റുകള്‍.

21 സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നേറുകയാണ്. ഒക്ലഹോമ, മിസിസിപ്പി, അലബാമ, ടെന്നസി, കെന്റക്കി, ഇന്‍ഡ്യാന, വെസ്റ്റ് വിര്‍ജീനിയ, സൗത്ത് കാരളൈന, മൊണ്ടാന, വയോമിംഗ്, യൂട്ട, ഫ്‌ലോറിഡ, ആര്‍കന്‍സോ, നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, ലുയീസിയാന, ഒഹായോ, അയോവ, നെബ്രാസ്‌ക, ടെക്‌സസ് എന്നീ സംസ്ഥാനങ്ങളിലാണ് ട്രംപിന്റെ മുന്നേറ്റം.
16 വോട്ടുകളുള്ള ജോര്‍ജിയ പിടിക്കാനായാല്‍ അത് റിപ്പബ്ലിക്കന്‍സിന് ഏറെ നിര്‍ണായകമാകും. 11 ഇലക്ടറല്‍ വോട്ടുകളുള്ള അരിസോണയിലും 15 ഇലക്ടറല്‍ വോട്ടുകളുള്ള മിഷിഗണിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നതെങ്കിലും നേരിയ മുന്‍തൂക്കം ട്രംപിനുണ്ട്

അതേസമയം, ന്യൂജേഴ്‌സി, മസാച്യുസെറ്റ്‌സ്, ഇല്ലിനോയ്, ഡെലവേര്‍, ന്യൂയോര്‍ക്ക്, കൊളറാഡോ, വെര്‍മോണ്‍ട്, മേരിലാന്‍ഡ്, കണക്ടികട്ട്, കലിഫോര്‍ണിയ, വാഷിംഗ്ടണ്‍, ഒറിഗണ്‍ എന്നീ സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസ് ലീഡ് ചെയ്യുകയാണ്.

രാജ്യത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. 538 ഇലക്ടറല്‍ കോളജ് വോട്ടില്‍ 270 വോട്ട് നേടുന്നയാള്‍ വൈറ്റ് ഹൗസിലെത്തും. കമല ജയിച്ചാല്‍ അമേരിക്കന്‍ പ്രസിഡന്റാകുന്ന ആദ്യ വനിത, ഏഷ്യന്‍ വംശജ എന്നീ ബഹുമതികള്‍ സ്വന്തമാക്കും. ന്യൂഹാംപ്ഷെയര്‍ സംസ്ഥാനത്തെ ഡിക്സിവില്ലെ നോച്ചിലാണ് ആദ്യം പോളിങ് തുടങ്ങിയത്. ഇവിടെ കമലാ ഹാരിസിനും ഡൊണാള്‍ഡ് ട്രംപിനും മൂന്നുവീതം വോട്ട് ലഭിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group