Join News @ Iritty Whats App Group

'ഈ പോക്ക് ഒരു രാജ്യം ഒരു പാർട്ടിയിലേയ്ക്ക്'; മഹായുതിയുടെ വിജയത്തിൽ ഞെട്ടിയും സംശയിച്ചും ഉദ്ധവ് താക്കറെ

ദില്ലി: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ മഹായുതി സഖ്യത്തിന്റെ വിജയത്തിൽ ഞെട്ടി ഉദ്ധവ് താക്കറെ. നാല് മാസത്തിനുള്ളിൽ ഭരണകക്ഷിയ്ക്ക് എങ്ങനെയാണ് ഇത്രയധികം സീറ്റുകൾ നേടാനായതെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇത്തരത്തിലൊരു ഫലത്തിനായി അവർ എവിടെയാണ് മെഴുകുതിരി കത്തിച്ചതെന്ന് ചോദിച്ച അദ്ദേഹം കോവിഡ് സമയത്ത് കുടുംബനാഥനെന്ന നിലയിൽ താൻ പറയുന്നത് ശ്രദ്ധിച്ച മഹാരാഷ്ട്ര തന്നോട് ഇങ്ങനെ പെരുമാറുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.   

നിലവിലെ സാഹചര്യം ഒരു രാജ്യം ഒരു പാർട്ടി എന്നതിലേയ്ക്കാണ് നീങ്ങുന്നതെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ജെ.പി നദ്ദ ഒരു പാർട്ടി മാത്രമേ ഉണ്ടാകൂ എന്ന് പറഞ്ഞിരുന്നു. അവർ ഇതേ ദിശയിലേക്ക് നീങ്ങുന്നതായാണ് തോന്നുന്നത്. പ്രതീക്ഷ കൈവിടരുതെന്നാണ് ജനങ്ങളോട് പറയാനുള്ളത്. മഹാ വികാസ് അഘാഡിയുടെ റാലികൾക്ക് ഭരണസഖ്യത്തേക്കാൾ മികച്ച പങ്കാളിത്തമുണ്ടായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. മോദിയും അമിത് ഷായും പറഞ്ഞതല്ല, പ്രതിപക്ഷം പറഞ്ഞതാണ് ജനങ്ങൾ കേട്ടതെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ പിന്നെ എങ്ങനെയാണ് അവർ ഭരണസഖ്യത്തിന് വോട്ട് ചെയ്യുക എന്ന സംശയം പ്രകടിപ്പിക്കുകയും ചെയ്തു. 

അതേസമയം, പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാടി ദയനീയമായ പരാജയമാണ് മഹാരാഷ്ട്രയിൽ ഏറ്റുവാങ്ങിയത്. ഉദ്ധവ് താക്കറെ വിഭാ​ഗം ശിവസേനയുടെയും എൻസിപി (ശരദ് പവാർ), കോൺ​ഗ്രസ് ശക്തികേന്ദ്രങ്ങളിലും ഉൾപ്പെടെ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം കടന്നുകയറി. ഇതോടെ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉണ്ടാകാനുള്ള സാധ്യതയും ഇല്ലാതായി. പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാൻ ഒരു പ്രതിപക്ഷ പാർട്ടിക്കും കഴിഞ്ഞേക്കില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 288 അം​ഗ നിയമസഭയിൽ 10 ശതമാനം അല്ലെങ്കിൽ 29 സീറ്റുകൾ ഉള്ള ഒരു പാർട്ടിക്ക് മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാൻ സാധിക്കുകയുള്ളൂ. നിലവിൽ കോൺഗ്രസിനോ (16) ഉദ്ധവ് വിഭാഗം ശിവസേനയ്ക്കോ (20) ശരദ് പവാറിന്റെ എൻസിപിയ്ക്കോ (10) പ്രതിപക്ഷ നേതൃസ്ഥാനത്തിന് ആവശ്യമായ സീറ്റുകൾ ലഭിച്ചിട്ടില്ല. വെറും എട്ട് മാസം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ 230-ലധികം സീറ്റുകൾ സ്വന്തമാക്കിയാണ് മഹായുതി സഖ്യം അധികാരം നിലനിർത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group