കേളകം: നാലു വയസുള്ള കുട്ടിയെയും കൂട്ടി 14 വയസുകാരൻ രാത്രി തിരക്കുള്ള ടൗണിലൂടെ വാഹനമോടിച്ചതിനു മാതാപിതാക്കൾക്കെതിരേ കേസെടുത്തു.
വ്യാഴാഴ്ച രാത്രി 8.30 ന് കേളകം ടൗണിൽനിന്ന് കേളകം എസ്ഐ വി.വി. ശ്രീജേഷും സംഘവുമാണു കുട്ടിഡ്രൈവറെയും കുട്ടിയെയും പിടികൂടിയത്. വളരെ ഉയരം കുറഞ്ഞ ഒരാൾ വാഹനം ഓടിക്കുന്നതു ശ്രദ്ധയിൽപ്പെട്ട് പരിശോധിച്ചപ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടിയാണു ഡ്രൈവ് ചെയ്യുന്നതെന്നു വ്യക്തമായത്.
കേളകം ടൗണിലെ ഏറ്റവും തിരക്കുള്ള അടയ്ക്കാത്തോട് റോഡ് ജംഗ്ഷനിൽനിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ആരാണ് കാർ ഓടിക്കാൻ തന്നതെന്ന് പോലീസ് ചോദിച്ചപ്പോൾ അമ്മയാണെന്നായിരുന്നു കുട്ടിയുടെ മൊഴി. തുടർന്ന് മാതാപിതാക്കളെ വിളിച്ചു വരുത്തുകയായിരുന്നു. കുട്ടിയുടെ അമ്മ പൊയ്യമല സ്വദേശിനി ക്ലാരമ്മ, വാഹനത്തിന്റെ ഉടമയും കുട്ടിയുടെ പിതാവുമായ ഇ.കെ. ബേബി എന്നിവർക്കെതിരേ കേസെടുത്തു.
വാഹനം ഓടിച്ചയാൾക്കു പ്രായപൂർത്തിയായിട്ടില്ലെന്നും കുട്ടിയുടെ പ്രായവും സുരക്ഷിതത്വവും കണക്കിലെടുക്കാതെയും മറ്റ് വഴിയാത്രക്കാരുടെയും വാഹന യാത്രക്കാരുടെയും ജീവന് അപകടം വരത്തക്കവിധം ഓടിക്കാൻ കുട്ടിയുടെ അമ്മ അനുവാദം നൽകിയതാണെന്നുമുള്ള കാരണങ്ങളാൽ വാഹനം കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.
50,000 രൂപ വരെ പിഴയും മറ്റ് നടപടികളും ലഭിക്കാവുന്ന കുറ്റമാണിത്. പിതാവിന് ലൈസൻസ് ഉണ്ടെങ്കിൽ അതും റദ്ദാക്കാൻ കാരണമാകുന്നതാണ് കേസ്.
إرسال تعليق