കോഴിക്കോട് > പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ തമ്മിലടി രൂക്ഷമായ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കോഴിക്കോട് നഗരത്തിൽ പോസ്റ്ററുകൾ. സേവ് ബിജെപി എന്നെഴുതിയ പോസ്റ്ററുകളാണ് നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. വി മുരളീധരൻ, കെ സുരേന്ദ്രൻ, പി രഘുനാഥ് എന്നിവർ ബിജെപിയിലെ കുറുവാ സംഘം ആണെന്നും ഇവരെ പുറത്താക്കി പാർടിയെ രക്ഷിക്കുക എന്നുമാണ് പോസ്റ്ററിന്റെ ഉള്ളടക്കം.
അതിനിടെ പാലക്കാട്ടെ തോൽവിക്ക് പിന്നാലെ സംസ്ഥാനത്തെ ബിജെപിയിലുണ്ടായ പൊട്ടിത്തെറികളിൽ ദേശീയ നേതൃത്വത്തിന്റെ അന്വേഷണം ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ പരസ്യപ്രതികരണങ്ങളും പരിശോധിക്കാൻ കേന്ദ്ര നേതൃത്വം ഒരുങ്ങുന്നതായാണ് വാർത്തകൾ. മുഴുവൻ പ്രതികരണങ്ങളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് നേതൃത്വത്തിന് അയക്കാൻ നിർദേശം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീറിനാണ് ചുമതല നൽകിയിരിക്കുന്നത്. ഇതിൽ ദേശീയ നേതൃത്വം നേരിട്ട് അന്വേഷണം നടത്തും. ദേശീയ നേതാവ് അപരാജിത സാരങ്കി അന്വേഷണത്തിന് നേതൃത്വം നൽകുമെന്നും അന്വേഷണം രഹസ്യമായി നടത്താനാണ് നിർദേശം നൽകിയിരിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാർടിക്കുള്ളിൽ വിമർശനം ശക്തമായതിന് പിന്നാലെ തോൽവിയിൽ അന്വേഷണം നടത്തണമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. താൻ രാജിസന്നദ്ധത അറിയിച്ചതായും സുരേന്ദ്രൻ വാർത്തകൾ പ്രചരിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് അന്വേഷണം സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവരുന്നത്. സുരേന്ദ്രൻ രാജിവയ്ക്കില്ലെന്ന് ഇന്നലെ തന്നെ ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്.
إرسال تعليق