Join News @ Iritty Whats App Group

'സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്'; ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം

തിരുവനന്തപുരം: മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പമ്പയിലെ കണ്‍ട്രോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 

ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. മലകയറ്റത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. തീർത്ഥാടകർക്കായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളില്‍ അവബോധം ശക്തമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.

ശബരിമല തീര്‍ത്ഥാടന വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിലവില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സയിലിരിക്കുന്നവര്‍ ദര്‍ശനത്തിനായി എത്തുമ്പോള്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്
സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്

മല കയറുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി ദര്‍ശനത്തിന് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നടത്തം ഉള്‍പ്പെടെയുള്ള ലഘു വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങേണ്ടതാണ്

സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക

മല കയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ മല കയറുന്നത് നിര്‍ത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക
04735 203232 എന്ന നമ്പറില്‍ അടിയന്തിര സഹായത്തിനായി വിളിക്കാവുന്നതാണ്

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക

പഴങ്ങള്‍ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക

പഴകിയതോ തുറന്നുവച്ചതോ ആയ ആഹാരം കഴിക്കരുത്

മലമൂത്രവിസര്‍ജ്ജനം തുറസ്സായ സ്ഥലങ്ങളില്‍ നടത്തരുത്. ശൗചാലയങ്ങള്‍ ഉപയോഗിക്കുക. ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക

മാലിന്യങ്ങള്‍ വലിച്ചെറിയരുത്. അവ വേസ്റ്റ് ബിന്നില്‍ മാത്രം നിക്ഷേപിക്കുക

പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ലഭ്യമാണ്

Post a Comment

أحدث أقدم
Join Our Whats App Group