Join News @ Iritty Whats App Group

ആദ്യം വയനാട് വിഷയത്തില്‍ പ്രതിഷേധമാര്‍ച്ച് ; പ്രിയങ്ക നയിക്കുന്ന യുഡിഎഫ് എംപിമാരുടെ മാര്‍ച്ച് ഇന്ന്


ന്യൂഡല്‍ഹി: സത്യപ്രതിജ്ഞ ചെയ്ത് ഔദേ്യാഗികമായി പാര്‍ലമെന്റ് നടപടികളുടെ ഭാഗമാകുന്നതിന് മുമ്പായി പ്രിയങ്കാഗാന്ധി ആദ്യമെത്തുന്നത് സ്വന്തം മണ്ഡലത്തിന്റെ വിഷയത്തില്‍ പ്രതിഷേധ പരിപാടിക്ക് മുന്നിലേക്ക്. വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്ക് എതിരേ നടക്കുന്ന പ്രതിഷേധത്തിന് നേതൃത്വം കൊടുത്തുകൊണ്ടാകും പ്രിയങ്കാഗാന്ധി പാര്‍ലമെന്റേറിയന്‍ കരിയര്‍ തുടങ്ങുന്നത്. വയനാട് എംപിയായി പ്രിയങ്കാഗാന്ധി ഇന്ന് പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ നടത്തുന്നുമുണ്ട്.

ഡല്‍ഹിയില്‍ നടക്കുന്ന യുഡിഎഫ് എംപി മാരുടെ പ്രതിഷേധമാര്‍ച്ച് പ്രിയങ്ക നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുടെ പാര്‍ലമെന്റ് മാര്‍ച്ചിന് ഇതുവരെയും ഡല്‍ഹി പൊലീസ് അനുവാദം നല്‍കിയിട്ടില്ലെങ്കിലും പ്രതിഷേധ മാര്‍ച്ചുമായി മുമ്പോട്ട് പോകാന്‍ തന്നെയാണ് എംപിമാരുടെ തീരുമാനം. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ഒപ്പം വയനാട്ടില്‍ നിന്നുള്ള മറ്റ് യുഡിഎഫ് ജനപ്രതിനിധികളും ഭാരവാഹികളും ഘടകകക്ഷി പ്രതിനിധികളും പാര്‍ലമെന്റ് മാര്‍ച്ചിന്റെ ഭാഗമാകും.

കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പാര്‍ലമെന്റിലാണ് പ്രിയങ്കാഗാന്ധിയുടെ സത്യപ്രതിജ്ഞയും നടക്കുക. മുമ്പ് സഹോദരന്‍ രാഹുല്‍ ഇതേ മണ്ഡലത്തില്‍ നിന്നും നേടിയ വിജയ മാര്‍ജിനിനെ മറികടന്ന് അരങ്ങേറ്റ തെരഞ്ഞെടുപ്പില്‍ തന്നെ നാല് ലക്ഷത്തിലധികം ഭൂരിപക്ഷത്തിലാണ് പ്രിയങ്ക വയനാട് സീറ്റില്‍ നിന്നും പാര്‍ലമെന്റിലേക്ക് എത്തുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group