Join News @ Iritty Whats App Group

കൊട്ടിയൂര്‍-വയനാട് ചുരം പാത; അറുതി‍യില്ലാത്ത ദുരിതം


ഇരിട്ടി:  കൊട്ടിയൂർ -വയനാട് ചുരം പാതയില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കില്‍പെട്ട് യാത്രക്കാർ നരകിക്കുന്നു.

വിള്ളല്‍ വീണ് ഗർത്തമായ തലശ്ശേരി ബാവലി അന്തർസംസ്ഥാന പാതയില്‍ പേരിയ ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതോടെയാണ് കൊട്ടിയൂർ - പാല്‍ ചുരം - ബോയ്സ് ടൗണ്‍ ചുരം പാതയില്‍ വാഹനത്തിരക്കേറിയത്. ദീർഘദൂര ബസുകള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍, ചരക്ക് വാഹനങ്ങള്‍, ചെങ്കല്‍ ലോറികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോയി ഇടുങ്ങിയ പാതയില്‍ കുരുങ്ങുമ്ബോള്‍ ഗതാഗത കുരുക്കഴിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം സ്ഥലത്തില്ല. 

വയനാട് അതിർത്തിയില്‍ തലപ്പുഴ പൊലീസിന്‍റെയും കണ്ണൂർ അതിർത്തി കേളകം പൊലീസിന്‍റെയും പരിധിയിലാണ്. സ്ഥലത്ത് പൊലീസിനെ ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പാല്‍ ചുരത്തും വയനാട് അതിർത്തിയായ ചെകുത്താൻ തോടിന് സമീപത്തും ഓരോ പൊലീസുകാരെ നിയോഗിച്ചാല്‍ ഗതാഗത നിയന്ത്രണമാവുകയും വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാനുമാകും. വെള്ളിയാഴ്ച മണിക്കൂറോളം പാതയില്‍ ഗതാഗത സ്തംഭനമുണ്ടായിട്ടും തടസ്സം നീക്കാൻ അധികൃതർ ആരുമെത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു. മണിക്കൂറുകള്‍ ഇടവിട്ട് പാതയില്‍ ഗതാഗത സ്തംഭനം തുടരുന്ന അവസ്ഥയാണ്. 

ജൂലൈ 30നാണ് തലശ്ശേരി ബാവലി അന്തർസംസ്ഥാന പാതയില്‍ ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചത്. റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അപകടസാധ്യത കണക്കിലെടുത്ത് ഇതുവഴിയുള്ള ഗതാഗതം ജില്ല ഭരണകൂടം നിരോധിച്ചതോടെ കൊട്ടിയൂർ - പാല്‍ ചുരം -വയനാട് പാതയില്‍ വാഹന പ്രവാഹമാണ്. ഗതാഗത നിയന്ത്രണത്തിന് ഇരു ഭാഗങ്ങളിലും അടിയന്തരമായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ചെകുത്താൻ തോടിന് സമീപം വെള്ളിയാഴ്ച വൈകീട്ട് ലോറി കുടുങ്ങിയതാണ് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് കാരണമായത്. ഇതേതുടർന്ന് ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളില്‍ യാത്രക്കാർക്ക് ദുരിതമായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group