തിരുവനന്തപുരം: ശബരിമലയില്‍ ഡ്യൂട്ടിക്ക് എത്തിയ പോലീസുകാര്‍ പതിനെട്ടാം പടിയില്‍ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തില്‍ നടപടി. നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ് ശ്രീജിത്ത് നിര്‍ദേശം നല്‍കി. പതിനെട്ടാം പടിയില്‍ പുറം തിരിഞ്ഞിരുന്ന് പൊലീസുകാര്‍ ഫോട്ടോ എടുത്തത് വിവാദമായിരുന്നു. എസ്എപി ക്യാമ്പസിലെ 23 പൊലീസുകാരാണ് വിവാദത്തിലായത്.
ഇവര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പിലാണ് നല്ലനടപ്പ് പരിശീലനം നല്‍കുന്നത്. ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. 23 പൊലീസുകാരും ശബരിമലയില്‍ നിന്ന് പരിശീലനത്തിനായി മടങ്ങി. തീവ്ര പരിശീലനം നല്‍കണമെന്നാണ് എഡിജിപിയുടെ നിര്‍ദേശം. ഇതില്‍ ഹൈക്കോടതിയില്‍ നാളെ റിപ്പോര്‍ട്ട് നല്‍കും.
ഫോട്ടോ ഷൂട്ട് വിവാദത്തിന് കാരണമായത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ആരോപണമുണ്ട്. കൊടിമരച്ചുവട്ടില്‍ നിയോഗിച്ചിരിക്കുന്ന ഡിവൈ.എസ്.പിയ്ക്കാണ് പടി ഡ്യൂട്ടിയുടെ ചുമതല. കൂടാതെ മൂന്ന് ഇന്‍സ്‌പെക്ടര്‍മാരും ഉണ്ട്. നട അടച്ചതിന് ശേഷം പോലീസുകാരുടെ ഫോട്ടോഷൂട്ട് നടന്നപ്പോള്‍ ഇവര്‍ എവിടെ പോയി എന്ന ചോദ്യമാണ് ഉയരുന്നത്.
ഇവര്‍ക്ക് ടേണ്‍ ഡ്യൂട്ടിയായതിനാല്‍ എല്ലാ സമയത്തും ഈ ഉദ്യോഗസ്ഥര്‍ ഉണ്ടാകണം. എന്നാല്‍ ഇവിടെ പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൂടാതെ പതിനെട്ടാം പടി ഡ്യൂട്ടിക്കും കൊടിമര ചുവട്ടില്‍ നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കും ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോള്‍ പടികയ റ്റത്തിന് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. എന്നാല്‍ പരിശീലനവേളയിലും പോലീസ് ബാച്ച് ചുമതലയേറ്റ സമയത്തൊ പതിനെട്ടാംപടിയില്‍ ഡ്യൂട്ടി നോക്കുന്നവര്‍ ആചാരപ്രകാരം ജോലി നോക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കിയിരുന്നില്ല. ഇവര്‍ക്ക് പതിനെട്ടാം പടിയുടെ പ്രാധാന്യം സംബന്ധിച്ചും പാലിക്കേണ്ട നിഷ്ഠകളെ കുറിച്ചും ഉള്ള പ്രത്യേക നിര്‍ദ്ദേശം ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കേണ്ടതുണ്ട്. ഇത് നല്‍കുന്നതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചയാണ് കഴിഞ്ഞദിവസം ഉയര്‍ന്ന ഫോട്ടോഷൂട്ടിന് അടിസ്ഥാനം എന്നതാണ് ഉയരുന്ന ആരോപണം.
ഇതിനിടെ പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടില്‍ ദേവസ്വം ബോര്‍ഡ് എഡിജിപി എസ് ശ്രീജിത്തിനെ അതൃപ്തി അറിയിച്ചു . ഉദ്യോഗസ്ഥര്‍ ഫോട്ടോയെടുത്തത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു. അതിനിടെ, ശബരിമല സന്നിധാനത്തും സോപാനത്തിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വിഡിയോ ചിത്രീകരണത്തില്‍ ഹൈക്കോടതി ഇടപെട്ടു. എക്‌സിക്യൂട്ടീവ് ഓഫീസറോട് കോടതി റിപ്പോര്‍ട്ട് തേടി. പതിനെട്ടാം പടിയില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോ എടുത്ത നടപടി അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞുനിന്ന് പൊലീസുകാര്‍ ഫോട്ടോഷൂട്ട് നടത്തിയതാണ് വിവാദമായത്.
إرسال تعليق