കല്‍പ്പറ്റ; വയനാട് ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അവഗണന തുടരുന്നതിനിടെ പ്രക്ഷോഭം പ്രഖ്യാപിച്ച് യുഡിഎഫ് . വയനാട്ടില്‍ ഈ മാസം 19ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് ഹര്‍ത്താല്‍. വിഷയത്തില്‍ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ടി സിദ്ധിഖ് എംഎല്‍എ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെത് വാഗ്ദാന ലംഘനമാണെന്ന് വിമര്‍ശിച്ചാണ് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതും, പുനരധിവാസം പൂര്‍ത്തിയാക്കത്തതിനെതിരെയുമാണ് പ്രതിഷേധം. കടകള്‍ അടച്ചും വാഹനം ഓടിക്കാതെയും ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വയനാടിനുള്ള കേന്ദ്രസഹായം ഇനിയും വൈകുമെന്ന് ഉറപ്പായതോടെയാണ് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. സംഭവത്തില്‍ ഇതുവരെ യുഡിഎഫ് സമരം ചെയ്തിരുന്നില്ല. എന്നാല്‍ കേരളത്തിന് പ്രത്യേക ഫണ്ട് ലഭ്യമാക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. ലെവല്‍ 3 വിഭാഗത്തില്‍ വയനാട് ദുരന്തത്തെ ഉള്‍പെടുത്തുകയോ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയോ വേണമെന്നാണ് യുഡിഎഫ് നിലപാട്. വയനാട്ടില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
إرسال تعليق