കൊച്ചി : മുനമ്പത്തെ വഖഫ് അധിനിവേശത്തിനെതിരേ സമരമുഖം ശക്തമാക്കി പ്രദേശവാസികള്‍. റിലേ സമരം 19 ദിവസം പിന്നിട്ടു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍നിന്ന് ആളുകള്‍ സമരപ്പന്തലിലേക്ക് ഒഴുകുന്നു.
പണം കൊടുത്തു വാങ്ങിയ ഭൂമി ആര്‍ക്കും വിട്ടുതരുന്ന പ്രശ്‌നമില്ലെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. എറണാകുളം ജില്ലയില്‍ പള്ളിപ്പുറം പഞ്ചായത്തിലെ മുനമ്പം, ചെറായി, പള്ളിപ്പുറം മേഖലയിലെ 404 ഏക്കര്‍ ഭൂമിയാണ് വിവാദത്തിലുള്ളത്. തിരുവിതാംകൂര്‍ രാജാവ് 1902-ല്‍ ഗുജറാത്തില്‍നിന്ന് എത്തിയ അബ്ദുള്‍ സത്താര്‍ മൂസാ ഹാജി സേഠ് എന്ന അഹമ്മദ് സേഠിന് മുനമ്പത്തെ ഭൂമി ദാനംചെയ്യുന്ന വേളയില്‍ അവിടെ അനേകംപേര്‍ താമസിച്ചിരുന്നു. സേഠ് പാട്ടത്തിനാണ് ഭൂമി ലഭ്യമാക്കിയത്. ആള്‍ത്താമസമില്ലാത്ത തരിശുഭൂമിയായിരുന്നില്ല ഇത്.
ഈ ഭൂമി സേഠിന്റെ പിന്‍തുലമറക്കാരില്‍നിന്ന് ഫാറൂഖ് കോളജ് അധികൃതര്‍ വാങ്ങുകയായിരുന്നു. പിന്നീട് ഫാറുഖ് കോളജ് അധികൃതരില്‍നിന്നു പണം നല്‍കിയാണ് ഇവിടെ താമസിച്ചിരുന്നവര്‍ ഭൂമി സ്വന്തമാക്കിയത്. കൃത്യമായ ആധാരവും പോക്കുവരവും കരംതീര്‍ക്കലും എല്ലാം സുഗമമായി നടത്തിവരുമ്പോഴാണ് ഇടിത്തീപോലെ ഭൂമി തങ്ങളുടേതാണെന്ന അവകാശവുമായി 2022-ല്‍ വഖഫ് ബോര്‍ഡ് രംഗത്തുവന്നത്.
1989-93 കാലഘട്ടത്തില്‍ 280- ല്‍പരം ആധാരങ്ങള്‍ നടന്നു. അതില്‍ ഫാറൂഖ് കോളജ് മാനേജ്‌മെന്റ് കൗണ്‍സില്‍ സെക്രട്ടറി ഹസന്‍കുട്ടിയുടെ ഒപ്പുമുണ്ട്. 610 കുടുംബങ്ങളിലായി 2000 പേരാണ് മുനമ്പത്തെ വിവാദഭൂമിയില്‍ പാര്‍ക്കുന്നത്. ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളായ സാധാരണക്കാരാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വിഷമിക്കുന്ന ഇവര്‍ക്ക് ഒരാവശ്യം വന്നാല്‍ ഭൂമി ബാങ്കില്‍ പണയപ്പെടുത്താന്‍ കൂടി കഴിയാത്ത സ്ഥിതിയാണ്.
إرسال تعليق