ഝാന്‍സി: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ തീപിടിത്തത്തില്‍ 10 കുട്ടികള്‍ മരിച്ചു. 16 കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേക്കതായും വിവരമുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് (എന്‍ഐസിയു) തീപിടുത്തം ഉണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാത്രി 10.35 ഓടെയാണ് സംഭവം. 37 കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ജീവനക്കാര്‍ പറഞ്ഞു. കുട്ടികളുടെ വാര്‍ഡിലെ രണ്ട് യൂണിറ്റുകളില്‍ ഒന്നില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് സൂചനകള്‍. അപകടത്തില്‍ 10 കുട്ടികള്‍ മരിച്ചതായി ജാന്‍സി ജില്ലാ മജിസ്ട്രേറ്റ് അവിനാഷ് കുമാര്‍ സ്ഥിരീകരിച്ചു. ആറ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് പുക നിറഞ്ഞ വാര്‍ഡിന്റെ ജനാലകള്‍ തകര്‍ത്ത് ഡോക്ടര്‍മാരും മെഡിക്കല്‍ ജീവനക്കാരും രോഗികളെ ഒഴിപ്പിക്കുന്നത് കണ്ടു. സംഭവസമയത്ത് 54 കുട്ടികളെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു, 44 പേരെ രക്ഷിക്കാന്‍ കഴിഞ്ഞു. മരിച്ച 10 പേരില്‍ ഏഴുപേരെ തിരിച്ചറിഞ്ഞതായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയുമായ ബ്രജേഷ് പതക് പറഞ്ഞു. വാര്‍ഡിനുള്ളില്‍ നിരവധി മെഡിക്കല്‍ ഉപകരണങ്ങള്‍ കത്തിക്കരിഞ്ഞു.
സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. അപകടം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഉന്നതതല അന്വേഷണവും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴും ആറ് ഫയര്‍ഫോഴ്സ് സംഘങ്ങള്‍ അവിടെ തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
''ഝാന്‍സി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മെഡിക്കല്‍ കോളേജിലെ എന്‍ഐസിയുവില്‍ നടന്ന അപകടത്തില്‍ കുട്ടികളുടെ മരണം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണ്. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാനും ഭഗവാന്‍ ശ്രീരാമനോട് പ്രാര്‍ത്ഥിക്കുന്നു.'' യോഗി ആദിത്യനാഥ് അദ്ദേഹത്തിന്റെ എക്‌സിലെ പേജില്‍ കുറിച്ചു.
Ads by Google
إرسال تعليق