കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയെന്ന് സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റായ നിലപാടിനൊപ്പം പാർട്ടി നിൽക്കില്ലെന്നും ദിവ്യക്കെതിരെയുള്ള നടപടി സംഘടനാപരമായി ആലോചിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎം എന്നും ഗോവിന്ദൻ ആവർത്തിച്ചു.
അതിനിടെ എഡിഎം നവീൻബാബുവിന് ക്ലീൻ ചിറ്റ് നൽകി ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. കോഴ വാങ്ങിയതിനും പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചതിനും ഒരു തെളിവും ഇല്ലെന്നാണ് കണ്ടെത്തൽ. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യ എത്തിയതും അധിക്ഷേപ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും ആസൂത്രിതമാണെന്നും കണ്ടെത്തലുണ്ട്.
ചെങ്ങളായിയിലെ പെട്രോൾ പമ്പിന് റോഡിന് വീതിയില്ലാത്തതിനാൽ പൊലീസ് ആദ്യം എതിർത്ത് റിപ്പോർട്ട് നൽകി. എന്നിട്ടും എഡിഎം ടൗൺ പ്ലാനിംഗ് വിഭാഗത്തോട് റിപ്പോർട്ട് ചോദിച്ചത് അപേക്ഷനായ ടിവി പ്രശാന്തിനെ സഹായിക്കാനെന്നാണ് കണ്ടെത്തൽ. അതായത് എൻഒസി ബോധപൂർവ്വം വൈകിപ്പിച്ചെന്ന ആക്ഷേപം ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണർ പൂർണ്ണമായും തള്ളുന്നു. നവീൻ ബാബുവിന്റെ ഇടപെടൽ നിയമപരിധിക്കുള്ളിൽ നിന്ന് മാത്രമായിരുന്നു. കൈക്കൂലി വാങ്ങിയെന്ന ആക്ഷപവും അന്വേഷണ റിപ്പോർട്ട് തള്ളുന്നു. കൈക്കൂലി വാങ്ങിയതിന് ഒരു തെളിവും ആരും നൽകിയില്ല. മൊഴികളുമില്ല.
പിപി ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. പ്രശാന്തിന്റെ മൊഴി അവ്യക്തമാണ്. ദുരൂഹമായ യാത്രയയപ്പിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന് റിപ്പോർട്ട് സംശയിക്കുന്നു. ദിവ്യയുടെ വരവും പ്രാദേശിക ചാനൽ ദൃശ്യങ്ങൾ എടുത്തതും അത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതും സംശയങ്ങൾ കൂട്ടുന്നു. ദിവ്യയെ ക്ഷണിച്ചില്ലെന്നാണ് കണ്ണൂർ കലക്ടറുടെ മൊഴി. കലക്ടർ അടക്കം 17 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. നവീൻബാബുവിന് ക്ലീൻ ചിറ്റ് നൽകുമ്പോഴും നവീൻ ബാബുവിനെ കുറ്റക്കാരനാക്കാൻ ആസൂത്രിത നീക്കം നടന്നുവെന്നാണ് റവന്യുവകുപ്പ് റിപ്പോർട്ട് അടിവരയിടുന്നത്.
إرسال تعليق