ന്യൂഡല്‍ഹി: മതേതരത്വം ഭരണഘടനയുടെ സുപ്രധാന ഭാഗമാണെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. 42ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമര്‍ശം ഉണ്ടായത്.
ജസ്റ്റിസ് സഞ്ജീവ് ഖന്ന, സഞ്ജീവ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ബിജെപിയുടെ മുന്‍ എംപി സുബ്രഹമണ്യന്‍ സ്വാമി അടക്കം ഹര്‍ജിക്കാരിലുണ്ട്. മതേതരത്വം, സോഷ്യലിസ്റ്റ് എന്നീ പദങ്ങള്‍ ഭരണഘടനയില്‍ നീക്കം ചെയ്യണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.
വാദത്തിനിടെ നിങ്ങള്‍ക്ക് ഇന്ത്യ മതേതരമായിരിക്കാന്‍ ആഗ്രഹമില്ലേയെന്ന് ജസ്റ്റിസ് സഞ്ജയ് ഖന്ന ഹര്‍ജിക്കാരോട് ചോദിച്ചു. സോഷ്യലിസം എന്ന വാക്ക് പാശ്ചാത്യ അര്‍ത്ഥത്തില്‍ കാണേണ്ടതില്ല. എല്ലാവര്‍ക്കും തുല്യ അവസരം എന്നാണ് അര്‍ത്ഥമാക്കിയതെന്നും സുപ്രീം കോടതി പറഞ്ഞു. 1976ലെ 42ാം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
വിഷയം പാര്‍ലമെന്റില്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് ഖന്ന വ്യക്തമാക്കി. ഈ വാക്കുകള്‍ക്ക് പല തരത്തിലുള്ള വ്യാഖാനങ്ങളുണ്ട്. എന്നാല്‍ അവ ഭരണഘടനയുടെ അടിസ്ഥാന ശിലയുടെ ഭാഗമാണെന്ന് ഈ കോടതിയുടെ നിരവധി വിധി ന്യായങ്ങളുണ്ടെന്നും കോടതി പരാമര്‍ശിച്ചു.
ഫ്രഞ്ച് മതേതര രീതിയില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യ മതേതരതത്തിന്റെ പുതിയ മോഡലാണ് ഏറ്റെടുത്തതെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. ഇന്ത്യ മതേതരമല്ലെന്ന് ഞങ്ങള്‍ പറയുന്നില്ലെന്ന് കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഹര്‍ജിക്കാരുടെ അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ മറുപടി നല്‍കി. ഭേദഗതിയെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. സോഷ്യലിസം എന്ന വാക്ക് വ്യക്തി സ്വാതന്ത്ര്യത്തെ തടയുമെന്ന് അംബേദ്കര്‍ അഭിപ്രായപ്പെട്ടിരുന്നുവെന്ന് വിഷ്ണു ശങ്കര്‍ പറഞ്ഞു.
സോഷ്യലിസം എന്ന വാക്കിന് വിശാലമായ അര്‍ഥമുണ്ട്. അവസരങ്ങളില്‍ തുല്യത, രാജ്യത്തിന്റെ സമ്പത്ത് തുല്യമായി വിതരണം ചെയ്യുക, തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. അതിന് പാശ്ചാത്യ അര്‍ത്ഥം കൊടുക്കേണ്ടതില്ലെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു.
1949 നവംബര്‍ 26ന് നടത്തിയ പ്രഖ്യാപനമായിരുന്നു ഭരണഘടനയുടെ ആമുഖമെന്നും, തുടര്‍ന്നുള്ള ഒരു ഭേദഗതിയിലൂടെ അതില്‍ കൂടുതല്‍ വാക്കുകള്‍ ചേര്‍ക്കുന്നത് ഏകപക്ഷീയമാണെന്നും സുബ്രഹ്ണ്യന്‍ സ്വാമി പറഞ്ഞു. നിലവിലെ ആമുഖം അനുസരിച്ച് 1949 നവംബര്‍ 26ന് ഇന്ത്യയെ സോഷ്യലിസ്റ്റ് മതേതര റിപബ്ലിക്കായി മാറ്റാന്‍
ഇന്ത്യന്‍ ജനത സമ്മതിച്ചതായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഭേദഗതിയില്‍ ചേര്‍ത്ത വാക്കുകള്‍ ബ്രാക്കറ്റുകളാല്‍ പ്രത്യേക അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞു. അതിലൂടെ ഭേദഗതിയിലൂടെയാണ് അവര്‍ ചേര്‍ത്തതെന്ന് എല്ലാവര്‍ക്കും മനസ്സിലാവുമെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. കേസ് അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും.
إرسال تعليق