Join News @ Iritty Whats App Group

ഒടുവിൽ പ്രശാന്തിനെതിരെ നടപടി? പ്രിന്‍സിപ്പലില്‍ നിന്ന് വിശദീകരണം തേടി ആരോ​ഗ്യ വകുപ്പ്

കണ്ണൂർ: പ്രശാന്തിന് എതിരായ പരാതി ഒടുവിൽ വിശദീകരണം തേടി ആരോഗ്യ വകുപ്പ്. വിശദ റിപ്പോർട്ട്‌ നൽകാൻ പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടർ ആണ് നിർദേശം നൽകിയത്. സർവീസ് ചട്ടം ലംഘിച്ചോ എന്നതിൽ റിപ്പോർട്ട്‌ നൽകും. പ്രശാന്തിനെ പുറത്താക്കണമെന്ന പരാതിയിലാണ് നടപടി. നേരത്തെ വിവാദങ്ങളുയർന്നിട്ടും പ്രശാന്തിനെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണ് പ്രശാന്ത്.

ജോലിയിലിരിക്കെ പെട്രോൾ പമ്പ് തുടങ്ങുന്നതിൽ ചട്ടലംഘനമുണ്ടോ എന്നതായിരുന്നു ആരോപണ വിഷയം. പ്രശാന്തിന്റെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ എഡിഎമ്മിനെ യാത്രയയപ്പ് യോ​ഗത്തിൽ അധിക്ഷേപിച്ചത്. അനുമതി നൽകുന്നത് ബോധപൂർവം വൈകിപ്പിച്ചെന്നും പിപി ദിവ്യ ആരോപിച്ചിരുന്നു. 

അതേസമയം, എഡിഎം നവീൻ ബാബു ജീവനൊടുക്കി ഒരാഴ്ച്ച പിന്നിട്ടിട്ടും പ്രതി ചേർത്ത സിപിഎം നേതാവ് പി പി ദിവ്യയെ ചോദ്യം ചെയ്യാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. മുൻ‌കൂർ ജാമ്യ ഹർജിയിൽ തീരുമാനം വരാൻ കാക്കുകയാണ് പൊലീസ്. ദിവ്യ ഇരിണാവിലെ വീട്ടിൽ ഇല്ലെന്നാണ് വിവരം. മുൻ‌കൂർ ജാമ്യഹർജി ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.

പൊലീസ് അന്വേഷണത്തിൽ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല. ദിവ്യ സാവകാശം തേടിയെന്നായിരുന്നു കളക്ടർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം എ ഗീത പറഞ്ഞു. ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഇന്നും ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയേക്കും. കളക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group