ചെങ്ങന്നൂര്‍: കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള റെയില്‍വേ സ്‌റ്റേഷനുകളിലെ വെയിറ്റിംഗ് റൂമുകളില്‍ ചുറ്റി നടന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്ന കാമുകിയെയും കാമുകനെയും എറണാകുളം ആര്‍.പി.എഫും ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയില്‍ വലയിലാക്കി.
മലപ്പുറം വളപ്പില്‍, ഒലക്ക സ്വദേശികളായ ജിഗ്‌നേഷ്, സോന എന്നിവരാണ് പോലീസ് പിടിയിലായത്. കേരളത്തിലെ ഒട്ടുമിക്ക റെയില്‍വേ സ്‌റ്റേഷനുകളിലും രാത്രി സമയം വെയിറ്റിംഗ് റൂമുകളില്‍ കയറി മൊബൈല്‍ മോഷ്ടിച്ചെടുത്ത ശേഷം രക്ഷപ്പെടുകയാണ് ഇവരുടെ രീതി.
മോഷ്ടിച്ചു കിട്ടുന്ന ഫോണുകള്‍ കോഴിക്കോട്, തിരൂര്‍, ആലുവ തുടങ്ങിയ സ്ഥലങ്ങളിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ വിറ്റ് കാശ് ആക്കി ആര്‍ഭാട ജീവിതം നയിക്കുന്നതാണ് ഇവരുടെ രീതി. പിടിയിലായ പ്രതികളില്‍ നിന്ന് ഒരു ലക്ഷം രൂപ വിലയുള്ള രണ്ട് ഫോണുകള്‍ കൂടി കണ്ടെടുത്തു.
അടുത്ത ദിനങ്ങളില്‍ തൃശൂര്‍, ആലുവ, എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷണം പോയതുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പ്രത്യേക അന്വേഷണം നടത്തുമെന്ന് ക്രൈം ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ജിപിന്‍ എ.ജെ അറിയിച്ചു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.
ഇന്‍സ്‌പെക്ടര്‍മാരായ ബിനോയ് ആന്റണി, ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ജിപിന്‍ എ.ജെ, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഫിലിപ്‌സ് ജോണ്‍, രമേഷ് കുമാര്‍, ക്രൈം സ്‌കോഡ് അംഗങ്ങളായ അജി, അജയഘോഷ്, വിപിന്‍, അന്‍സാര്‍ തുടങ്ങിയവരുടെ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
إرسال تعليق