കൽപ്പറ്റ: വയനാടിനെ ഇളക്കി മറിക്കാൻ കോൺഗ്രസ്. പ്രിയങ്കയുടെ കന്നി മത്സരത്തിന് നേതാക്കളുടെ വമ്പൻ നിരയെത്തുമെന്ന് യുഡിഎഫ്. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കയ്ക്കൊപ്പം മണ്ഡലത്തിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇവര്‍ക്ക് പുറമെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗർഖയും എത്തുമെന്നാണ് പുതിയ റിപ്പര്‍ട്ട്. ഒപ്പം കോൺഗ്രസിന്റെ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയിൽ പങ്കെടുക്കും. പ്രിയങ്കയെത്തുമ്പോൾ പതിനായിരങ്ങളെ അണിനിരത്തി ആവേശം പകരാനാണ് യുഡിഎഫ് നീക്കം.
നാളെ വൈകീട്ടാണ് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തുന്നത്. മറ്റന്നാളായിരിക്കും പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ. അതേസമയം, റോഡ് ഷോയിൽ ലീഗിൻ്റെ പതാക ഉപയോഗിക്കുമോ എന്ന ചർച്ചയും ഉയരുന്നുണ്ട്. എന്നാൽ ഇത്തവണ എല്ലാ പാർട്ടികളുടേയും പതാക ഉപയോഗിക്കാമെന്ന് ധാരണയായെന്നാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിലും പൊതു തെരഞ്ഞെടുപ്പും നടക്കുന്ന സാഹചര്യമായിരുന്നു. ലീഗിൻ്റെ പതാക ഉപയോഗിക്കുന്നതോടെ അത് മറ്റു തരത്തിലുള്ള പ്രചാരണങ്ങൾക്ക് വഴിയാകുമോ എന്നായിരുന്നു കഴിഞ്ഞ തവണത്തെ ആശങ്ക. അതുകൊണ്ട് ഒഴിവാക്കാമെന്നായിരുന്നു തീരുമാനം. മുസ്ലിം ലീഗിൻ്റെ പച്ചപ്പതാക പാക്കിസ്താൻ പതാകയുമായി താരതമ്യപ്പെടുത്തിയുള്ള പ്രചാരണങ്ങളായിരുന്നു പ്രതിസന്ധി. എന്നാൽ ഇത്തവണ കോൺഗ്രസിൻ്റേയോ ലീഗിൻ്റേയോ മുന്നിൽ അത്തരത്തിലുള്ള പ്രതിസന്ധിയില്ലെന്നും പതാക ഉപയോഗിക്കാമെന്നുമാണ് തീരുമാനം.
പതാക ഒഴിവാക്കുന്നതിൽ എല്ലാ കാലത്തും അണികൾക്കിടയിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. മുസ്ലിം ലീഗിൻ്റെ ഭാഗത്തുനിന്നും അതിന് വിമർശനമുണ്ട്. കഴിഞ്ഞ ദിവസം ബത്തേരിയിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ മുസ്ലിം ലീഗ് നേതാവ് പികെ ബഷീർ പതാക ഉപയോഗിക്കാൻ കഴിയാത്തതിൻ്റെ നീരസം കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തിയിരുന്നു. മറ്റന്നാൾ നടക്കുന്ന പ്രിയങ്കയുടെ റാലിയിൽ പതാക ഉപയോഗിച്ചില്ലെങ്കിൽ മറ്റു രാഷ്ട്രീയ കക്ഷികൾ അത് വിമർശനമായി ഉയർത്തുമെന്ന് ഉറപ്പാണ്.
إرسال تعليق