തിരുവനന്തപുരം: മദ്രസാ ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന കേന്ദ്ര ബാലാവകാശ കമ്മിഷന്റെ നിര്‍ദേശം കേരളത്തെ ബാധിക്കില്ലെന്നു സൂചന. കേരളത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസാ ബോര്‍ഡുകളില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മദ്രസാ അധ്യാപകരോ ഇല്ല. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസാ വിദ്യാഭ്യാസ ബോര്‍ഡുകളുടെ കീഴില്‍ വരുന്ന മദ്രസകളെയാണു കേന്ദ്ര നിര്‍ദേശം നേരിട്ട് ബാധിക്കുക.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മിഷന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തെഴുതിയിരുന്നു. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണു നിര്‍ദേശം. കേരളത്തില്‍ അത്തരമൊരു സാഹചര്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. അതിനാല്‍, നിര്‍ദേശം ഗൗരവത്തില്‍ എടുക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിര്‍ദേശം. ശിപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ആവശ്യം വന്നാല്‍ ദേശീയ ബാലാവകാശ കമ്മിഷനെതിരേ കേരളം കോടതിയേയും സമീപിക്കും.
സംസ്ഥാനത്ത് ആകെയുള്ളത് മദ്രസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധി മാത്രമാണ്. ക്ഷേമനിധിയില്‍ മദ്രസ മാനേജ്‌മെന്റും മദ്രസയിലെ അധ്യാപരും അംഗങ്ങളാണ്. ഇരു കൂട്ടരും ഇതില്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. ഈ പണം സൂക്ഷിക്കുന്നത് സര്‍ക്കാര്‍ ട്രഷറിയിലാണ്. ഇതിന്റെ പലിശ പോലും മതവിരുദ്ധമായതിനാല്‍ ക്ഷേമനിധിയിലേക്ക് വാങ്ങാറുമില്ല. ക്ഷേമനിധി രൂപീകരിച്ചപ്പോള്‍ നല്‍കിയ മൂലധന ഫണ്ടല്ലാതെ യാതൊരു ഫണ്ടും സര്‍ക്കാരിന്റേതായില്ല. സംസ്ഥാനത്ത് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത് അതാത് മഹല്ല് കമ്മിറ്റികള്‍ക്ക് കീഴിലാണ്. ഇത്തരം മദ്രകള്‍ അടച്ചുപൂട്ടിക്കുമെന്ന പ്രചരണം ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായേക്കും.
കേരളത്തില്‍ കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം നേടുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായാണ്. എന്നാല്‍, പല സംസ്ഥാനങ്ങളിലും പൊതുവിദ്യാഭ്യാസത്തിന് അവസരങ്ങള്‍ കുറവുള്ള മേഖലകളില്‍ വിദ്യാഭ്യാസത്തിനായി മദ്രസകളെ ആശ്രയിക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍തന്നെ 120 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മദ്രസകളുണ്ട്. ഇതില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള 16,500 മദ്രസകളുണ്ട്. 500 എണ്ണത്തിന് സര്‍ക്കാര്‍ ഫണ്ടും കൊടുക്കുന്നുണ്ട്. ഇതേപോലെ ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇത്തരം മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് മതവിശ്വാസത്തിലുള്ളവരും മദ്രസകളില്‍ പഠിക്കുന്നുണ്ടെന്നാനു റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സംസ്ഥാനത്ത് മുജാഹിദ്, സുന്നി, ജമാഅത്തെ ഇസ്‌ലാമി വിഭാഗങ്ങള്‍ അടക്കം പ്രത്യേകം പ്രത്യേകമായി മദ്രസകള്‍ നടത്തുന്നുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസത്തെ ബാധിക്കാതെ രാവിലെയും വൈകിട്ടുമായാണു ക്ലാസുകള്‍. ഇപ്പോഴല്ലെങ്കിലും പിന്നീട് മദ്രസകള്‍ പൂര്‍ണമായും അടച്ചു പൂട്ടാനുള്ള ആയുധമായി മാറുമെന്ന ആശങ്കയാണ് മത നേതൃത്വം ഉയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശിപാര്‍ശ സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിലപാട് എടുക്കുന്നത്. ബാലാവകാശ കമ്മിഷന്റെ പുതിയ നിര്‍ദേശത്തിനെതിരേ നിരവധി രാഷ്ട്രീയ പാര്‍ട്ടികളാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
إرسال تعليق