Join News @ Iritty Whats App Group

പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം, 'ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണം'


ദില്ലി: പശ്ചിമേഷ്യയിൽ യുദ്ധഭീതി ഏറിയതോടെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. ഇറാൻ -ഇസ്രയേൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം എന്ന് വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു. നിലവിൽ ഇറാനിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണണമെന്നും നിർദ്ദേശമുണ്ട്.

സംഘർഷം വ്യാപിക്കുന്നതിൽ അതിയായ ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എല്ലാവരും സംയമനം പാലിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യയുടെ പ്രസ്താവന പറയുന്നു. മേഖലയിലാകെ സംഘർഷം പടരുന്നത് ഒഴിവാക്കണമെന്നും ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും വിഷയങ്ങൾ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം, ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടി നൽകുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. തിരിച്ചടിയുണ്ടായാൽ ചെറുക്കുമെന്ന് ഇറാനും മറുപടി നല്‍കി. ഇതിനിടെ, യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് നടക്കും.

അതേസമയം, ഇസ്രായേലിലെ ടെൽ അവീവിന് സമീപം ജാഫയിലുണ്ടായ വെടിവെയ്പ്പിൽ മരണം ഏഴായി. പത്തു പേർ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.ഒരാൾ തോക്ക് ഉപയോഗിച്ചും മറ്റൊരാൾ കത്തി കൊണ്ടും ജനക്കൂട്ടത്തെ ആക്രമിക്കുക ആയിരുന്നു. പലസ്തീനിൽ നിന്ന് നുഴഞ്ഞു കയറിയ രണ്ടു പേരാണ് അക്രമികൾ എന്നും ഇവരെ കൊലപ്പെടുത്തിയെന്നും അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി ഇറാന്റെ മിസൈൽ ആക്രമണം നടന്ന അതേ സമയത്തായിരുന്നു ഈ ആക്രമണവും. നടന്നത് ഭീകരാക്രമണം ആണെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group