Join News @ Iritty Whats App Group

കനലായി, നിനവായി നവീന്‍ ബാബു ; നിരഞ്ജനയും നിരുപമയും ചിതയ്ക്കു തീകൊളുത്തി ; ചടങ്ങുകള്‍ അവസാനിക്കുംവരെ കുടുംബവീടിനു സമീപം വിതുമ്പലോടെ നിശബ്ദമായി ഗ്രാമം കാത്തുനിന്നു


മലയാലപ്പുഴ: നേരില്‍ കണ്ടവരും അറിഞ്ഞുകേട്ടവരുമായി ഒരു ജില്ല മുഴുവന്‍ ഇന്നലെ പത്തനംതിട്ട നഗരത്തിലും മലയാലപ്പുഴയിലുമായി ഒഴുകിയെത്തി. കണ്ണൂരില്‍ മരണമടഞ്ഞ എ.ഡി.എം: നവീന്‍ ബാബുവിനെ അവസാനമായി ഒരുനോക്ക് കാണാന്‍... അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവര്‍ ചടങ്ങുകള്‍ അവസാനിക്കുംവരെ കുടുംബവീടിനു സമീപം കാത്തുനിന്നെങ്കിലും ഗ്രാമം നിശബ്ദമായിരുന്നു.

രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതാക്കള്‍ മിക്കവരും രണ്ടുദിവസമായി പത്തനംതിട്ടയിലും മലയാലപ്പുഴയിലും എത്തി കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കണ്ണൂരില്‍നിന്ന് മൃതദേഹം ആംബുലന്‍സില്‍ പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ രാവിലെ ഒന്‍പതരയോടെ പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍നിന്നു ജില്ലാ കലക്ടറും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങിയ മൃതദേഹം കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിനു വച്ചു.

മന്ത്രിമാരായ കെ. രാജനും വീണാ ജോര്‍ജും പൊതുദര്‍ശനത്തിനു നേതൃത്വംനല്‍കി. കലക്ടര്‍ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തില്‍ നേരത്തെ തന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. പത്തനംതിട്ട മുന്‍ കലക്ടര്‍ പിബി നൂഹ്, ദിവ്യ എസ് അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍, സഹപ്രവര്‍ത്തകനായിരുന്ന നവീന് കണ്ണീരോടെ വിട നല്‍കി. മലയാലപ്പുഴയിലേക്കുള്ള അന്ത്യയാത്രയില്‍ സാധാരണക്കാരും പൊതുപ്രവര്‍ത്തകരുമായി നിരവധിപേരാണ് വഴിനീളെ കാത്തുനിന്നത്. രാവിലെ 11.30-നാണ് മൃതദേഹം മലയാലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടില്‍കൊണ്ടുവന്നത്.

നിറകണ്ണുകളോടെയാണ് നവീന്‍ ബാബുവിന് കുടുംബവും നാടും വിടനല്‍കിയത്. മക്കളായ നിരഞ്ജനയും നിരുപമയും ചിതയ്ക്ക് തീ കൊളുത്തി. കണ്ണീര്‍ തളംകെട്ടിയ കണ്ണുകളിലൂടെ ചിതയെരിയുന്നത് സുഹൃത്തുക്കളും ബന്ധുക്കളും നോക്കിനിന്നു. നവീനെ സ്വീകരിക്കാന്‍ പത്തനംതിട്ടയിലെ സഹപ്രവര്‍ത്തകര്‍ വാങ്ങിയ മാലയും ബൊക്കയുമെല്ലാം മൃതദേഹത്തിനൊപ്പം മണ്ണിലമര്‍ന്നു. നിരഞ്ജനയും നിരുപമയും അച്ഛന് അന്ത്യചുംബനം നല്‍കിയപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണ് നനഞ്ഞു. ബന്ധുവിനെ കെട്ടിപ്പിടിച്ച് കരച്ചിലടക്കിയ ഭാര്യ മഞ്ജുവും കണ്ണീര്‍ക്കാഴ്ചയായി.

Post a Comment

أحدث أقدم
Join Our Whats App Group