കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യമായി പ്രതികരിച്ച് ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ടെന്നും പൊലീസ് അന്വേഷണവുമായി താൻ സഹകരിക്കുമെന്നും പിപി ദിവ്യ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.
നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരെ ഞാൻ നടത്തിയത് സദ്ദുദ്ദേശപരമായ വിമർശനമായിരുന്നെങ്കിലും എന്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാടിനെ ഞാൻ മാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാനുളള പാർട്ടി നിലപാടിനെ ശരിവെക്കുന്നു. പാർട്ടി തീരുമാനം മാനിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെക്കുന്നുവെന്നും ദിവ്യ അറിയിച്ചു. സിപിഎം നടപടിയെടുത്തതിന് പിന്നാലെയാണ് ദിവ്യയുടെ പ്രതികരണം.
കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ മൂന്ന് ദിവസത്തിന് ശേഷമാണ്
പി.പി ദിവ്യക്കെതിരെ സിപിഎം നടപടി സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി. പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് നടപടി. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അടക്കം ദിവ്യയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് രാജിയെന്നാണ് വിവരം. ദിവ്യയുടെ പ്രതികരണവും പാർട്ടി നിർദേശ പ്രകാരമാണ്.
إرسال تعليق