മംഗളുരു : മംഗളുരുവിൽ തീവണ്ടി അട്ടിമറിക്ക് ശ്രമമെന്ന് സംശയം. മംഗളുരുവിലെ തൊക്കോട്ട് റെയിൽവേ ട്രാക്കിൽ കല്ലുകൾ കണ്ടെത്തിയതിൽ അന്വേഷണം ആരംഭിച്ചു. മംഗളുരുവിലെ തൊക്കോട്ട് റെയിൽവേ മേൽപാലത്തിന് മുകളിൽ ട്രാക്കിലാണ് കല്ല് കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി കേരളത്തിൽ നിന്നുള്ള തീവണ്ടി കടന്ന് പോയപ്പോൾ വലിയ രീതിയിൽ ശബ്ദമുണ്ടായി. ഇത് കേട്ട പരിസരവാസികളാണ് വിവരം പൊലീസിനെയും റെയിൽവേ അധികൃതരെയും അറിയിച്ചത്. റെയിൽവേ അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് ട്രാക്കിന് മുകളിൽ കല്ലുകൾ വച്ചത് കണ്ടെത്തിയത്. കേരളത്തിൽ നിന്നുള്ളതടക്കം രണ്ട് തീവണ്ടികൾ കടന്ന് പോയപ്പോഴാണ് വൻ ശബ്ദവും മുഴക്കവുമുണ്ടായത്. ഉത്സവത്തിന് പോയി മടങ്ങുകയായിരുന്ന സ്ത്രീകൾ സ്ഥലത്ത് രണ്ട് പേർ നിൽക്കുന്നത് കണ്ടിരുന്നുവെന്ന് മൊഴി നൽകിയിട്ടുണ്ട്.
സ്ഥലത്തേക്ക് വരുന്ന വഴികളിലുള്ള സിസിടിവികൾ അടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.അട്ടിമറി ശ്രമമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ റെയിൽവേ ട്രാക്കുകളിൽ ആർപിഎഫ് രാത്രി നിരീക്ഷണവും ശക്തമാക്കി.
إرسال تعليق