ദില്ലി: രാജ്യത്ത് വിറ്റഴിയുന്ന 100 ശതമാനം മൊബൈല്‍ ഫോണുകളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന സാഹചര്യത്തിലേക്ക് ഇന്ത്യ ചുവടുവെക്കുന്നു. ഐഫോണ്‍ 16 പ്രോ മോഡലുകളും ഗൂഗിള്‍ പിക്‌സല്‍ 8 ഫോണുകളും ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആരംഭിച്ചതോടെയാണ് ഇത്തരമൊരു സവിശേഷ സാഹചര്യം മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് ഒരുങ്ങുന്നത്.
ഇറക്കുമതിക്ക് പകരം ഇന്ത്യന്‍ വിപണിക്ക് ആവശ്യമായ എല്ലാ മൊബൈല്‍ ഫോണുകളും ഇവിടെ തന്നെ നിര്‍മിക്കുന്ന സാഹചര്യം തൊട്ടരികെയെന്ന് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. പ്രാദേശിക ഉല്‍പാദനം ഇതിനകം തന്നെ മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി കുറച്ചിട്ടുണ്ട് എന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥാന്‍ വ്യക്തമാക്കി. ഗൂഗിള്‍ പിക്‌സല്‍ 8 സ്‌മാര്‍ട്ട്ഫോണുകളും ആപ്പിള്‍ ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ മോഡലുകളും ഇതിനകം ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇതോടെയാണ് ഇത്തരമൊരു സവിശേഷ സാഹചര്യം ഒരുങ്ങുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മൊബൈല്‍ ഫോണുകളായ സാംസങ് അവരുടെ എല്ലാ മോഡലുകളും ഇന്ത്യയില്‍ ഇതിനകം നിര്‍മിക്കുന്നുണ്ട്. എസ്24, ഫ്ലിപ്, ഫോള്‍ഡ് അടക്കമുള്ള ഫ്ലാഗ്‌ഷിപ്പ് ഫോണുകള്‍ സഹിതമാണിത്. ചൈനീസ് കമ്പനികളായ ഒപ്പോ, വിവോ, ഷവോമി, റിയമീ എന്നിവയും പ്രാദേശിക ബ്രാന്‍ഡുകളായ ലാവയും മൈക്രോമാക്‌സും ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്.
രാജ്യത്ത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റഴിഞ്ഞതില്‍ മൂന്ന് ശതമാനം മൊബൈല്‍ ഫോണുകള്‍ മാത്രമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഐഫോണ്‍ പ്രോ മോഡലുകളും ഗൂഗിള്‍ പിക്സല്‍ ഫോണുകളുമായിരുന്നു ഇവയിലധികവും. എന്നാല്‍ ഇവയുടെയും പ്രാദേശിക നിര്‍മാണം തുടങ്ങിയതോടെ ഇന്ത്യയില്‍ വിറ്റഴിയുന്ന 100 ശതമാനം സ്‌മാര്‍ട്ട്ഫോണുകളും ഇവിടെ തന്നെ നിര്‍മിക്കുന്ന സാഹചര്യത്തിലേക്ക് എത്തുകയാണ്. തമിഴ്നാട്ടിലെ പ്ലാന്‍റിലാണ് ഐഫോണ്‍ 16 പ്രോ മോഡലുകള്‍ നിര്‍മിക്കുന്നത്.
إرسال تعليق