ബെയ്റൂട്ട്: ഹസൻ നസറുല്ലയ്ക്ക് ശേഷം ഹിസ്ബുല്ലയുടെ തലവനായി പരിഗണിക്കപ്പെട്ടിരുന്ന ഹാഷിം സെയ്ഫുദീനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ. ബെയ്‌റൂട്ടിൽ വ്യോമാക്രമണത്തിൽ ഈ മാസം ആദ്യം വധിച്ചെന്നാണ് വെളിപ്പെടുത്തൽ. നേതൃത്വം ഒന്നാകെ കൊല്ലപ്പെട്ടതോടെ പ്രത്യാക്രമണ ശേഷി തകർന്ന നിലയിലാണ് ഹിസ്ബുല്ല.
മൂന്നാഴ്ച മുമ്പ് നടന്ന ആക്രമണത്തിൽ ഹിസ്ബുല്ലയുടെ എക്സിക്യൂട്ടീവ് കൗൺസിൽ തലവൻ ഹാഷിം സെയ്ഫുദ്ദീൻ, ഹിസ്ബുല്ലയുടെ ഇന്‍റലിജൻസ് ഡയറക്ടറേറ്റ് തലവൻ അലി ഹുസൈൻ എന്നിവരും മറ്റ് ഹിസ്ബുല്ല കമാൻഡർമാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്നു എന്നാണ് ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചത്.
ഒക്ടോബർ നാലിന് നടന്ന ആക്രണത്തിലാണ് സെയ്ഫുദ്ദീനെ കൊലപ്പെടുത്തിയത്. നേതൃനിരയിലുള്ളവർ കൊല്ലപ്പെട്ടത് ഹിസ്ബുല്ലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. അതേസമയം സെയ്ഫുദ്ദീന്‍റെ മരണം സംബന്ധിച്ച് ഹിസ്ബുല്ലയുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. ബെയ്റൂട്ടിൽ ഇന്നലെയും ഇസ്രയേൽ ശക്തമായ ആക്രമണം നടത്തി. കരയുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണ്.
അതിനിടെ ബെയ്റൂട്ടിൽ ഹിസ്ബുല്ലയുടെ വൻ സമ്പത്ത് കണ്ടെത്തി ഇസ്രായേൽ സേന അവകാശപ്പെട്ടു. ഒരു ആശുപത്രിക്ക് താഴെ സ്ഥിതി ചെയ്യുന്ന ബങ്കറിൽ നിന്ന് കോടിക്കണക്കിന് ഡോളർ മൂല്യം വരുന്ന സ്വർണവും പണവും കണ്ടെത്തി. ബങ്കർ ദീർഘകാലത്തേയ്ക്ക് ഒളിവിൽ താമസിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഹിസ്ബുല്ലയുടെ കൊല്ലപ്പെട്ട നേതാവ് സയ്യിദ് ഹസ്സൻ നസ്രല്ലയാണ് അൽ-സഹേൽ ഹോസ്പിറ്റലിനു താഴെയുള്ള ബങ്കർ നിർമ്മിച്ചതെന്ന് ഇസ്രായേൽ ചീഫ് സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.
എന്നാൽ ഇസ്രായേൽ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്ന് ആശുപത്രിയുടെ ഡയറക്ടർ ഫാദി അലമേഹ് പറഞ്ഞു. ചികിത്സക്കായുള്ള സൌകര്യങ്ങൾ മാത്രമേ ആശുപത്രിയിലുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ ആക്രമണം നടത്താനിടയുള്ളതിനാൽ ആശുപത്രി ഒഴിപ്പിക്കുകയാണെന്നും അലമേഹ് വ്യക്തമാക്കി.
إرسال تعليق