തിരുവനന്തപുരം
പുതുതായി എത്തിക്കുന്ന എല്ലാ കെഎസ്ആർടിസി ബസിലും സീറ്റ് ബെൽറ്റും ചാർജിങ് സോക്കറ്റും ഉറപ്പാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഏറ്റവും പുതിയ പ്രീമിയം സൂപ്പർഫാസ്റ്റ് എസി ബസിൽ വെള്ളിയാഴ്ച ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുകയായിരുന്നു മന്ത്രി.
രാവിലെ എട്ടിനുള്ള ബസിൽ തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽനിന്ന് കൊട്ടാരക്കരവരെയാണ് മന്ത്രി യാത്ര ചെയ്തത്. ഭാര്യ ബിന്ദു ഗണേഷ് കുമാറും ഒപ്പമുണ്ടായിരുന്നു. യാത്രക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനാണ് ഈ യാത്രയെന്നും പരാതികൾ കേൾക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ പുതിയ സർവീസുകളും പുതിയ ബസുകളും ജനകീയമാക്കുന്നതിന്റെ ഭാഗമായിരുന്നു യാത്ര. ഗ്രാമപ്രദേശങ്ങളിലേക്ക് ചെറിയ ബസുകൾ, ദീർഘദൂര യാത്രയ്ക്ക് സീറ്റർ, സെമി സ്ലീപ്പർ ബസുകൾ ഉൾപ്പെടെ നിരവധി സർവീസുകൾ ഉടനെത്തും. 30 സ്ലീപ്പർ, സെമീ സ്ലീപ്പർ എസി ബസിന് ഓർഡർ നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ ബസുകൾ ഓടുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം ഉദ്യോഗസ്ഥ സംഘവും യാത്രയിൽ ഉണ്ടായിരുന്നു. യാത്ര ചെയ്യുന്നതിലൂടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുകയാണ് ലക്ഷ്യം.
إرسال تعليق