Join News @ Iritty Whats App Group

വയനാട് ഉരുൾപൊട്ടൽ; കാണാതായവർക്കായി വീണ്ടും തിരച്ചിലിന് ഒരുക്കമെന്ന് സർക്കാർ

വയനാട് ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താൻ വീണ്ടും തിരച്ചിലിന് സർക്കാർ. തിരച്ചിലിന് സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. നേരത്തെ കാണാതായവർക്കുള്ള തിരച്ചിൽ തുടരണമെന്ന് പ്രതിപക്ഷ പാർട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.

വയനാട്ടിൽ ഇനിയും 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധന പോലും സാധ്യമല്ലാത്ത തരത്തിലായിരുന്നു. തിരച്ചിൽ തുടരാൻ സർക്കാർ സന്നദ്ധമാണെന്നും കൂടിയാലോചനകൾക്ക് ശേഷം തീയതി തീരുമാനിക്കാമെന്നും മന്ത്രി രാജൻ നിയമസഭയിൽ പറഞ്ഞു.

അതേസമയം വയനാട് ദുരന്തത്തിൽ കേന്ദ്ര സമീപനത്തിൽ നിരാശ ഉണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സഹായം സംബന്ധിച്ച ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. 1202 കോടി രൂപയുടെ നഷ്ടം കണക്കാക്കി ഓഗസ്റ്റിൽ നിവേദനം കൊടുത്തിരുന്നു. പക്ഷേ ഒന്നും ഉണ്ടായില്ലെന്നും വയനാട് ദുരിതാശ്വാസത്തിനായി വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആവശ്യവും പ്രതിഷേധവും അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു.

അതേസമയം ദുരന്തത്തിൽ കണ്ടെത്താനുള്ളവർക്കായി തിരച്ചില്‍ ആരംഭിച്ചില്ലെങ്കിൽ പ്രതിഷേധം തുടങ്ങാനായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ നീക്കം. നേരത്തെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സൂചിപ്പാറ, ആനടികാപ്പ് മേഖലയില്‍ തിരച്ചില്‍ നടത്തണമെന്ന ആവശ്യം ഉരുൾപൊട്ടലിൽ കാണാതായവരുടെ ബന്ധുക്കള്‍ ചീഫ് സെക്രട്ടറിയോട് ഉന്നയിച്ചിരുന്നു. ഇതനുസരിച്ച് നടത്തിയ തിരച്ചിലിൽ അഞ്ച് മൃതദേഹഭാഗങ്ങളും കണ്ടെത്തിയിരുന്നു. പിന്നീട്ട് ഈ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group