ആലപ്പുഴ : മെഡിക്കൽ കോളേജിൽ റാബിസ് വാക്സിനെടുത്ത 61കാരി ഗുരുതരാവസ്ഥയിൽ. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മയാണ് കുത്തിവെപ്പെടുത്തതിന് പിന്നാലെ ഗുരുതരാവസ്ഥയിലായത്. വാക്സിൻ എടുത്തതിന് പിന്നാലെ ശാന്തമ്മയുടെ ശരീരം പൂർണ്ണമായി തളർന്നുവെന്നും സംസാരശേഷി നഷ്ടപ്പെട്ടുവെന്നും കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മുയൽ കടിച്ചതിനെ തുടർന്ന് കഴിഞ്ഞ 21 നാണ് ശാന്തമ്മ വാക്സിനെടുത്തത്. ടെസ്റ്റ് ഡോസിൽ തന്നെ അലർജി പ്രകടമായെങ്കിലും മൂന്നു ഡോസ് വാക്സിനുകളും എടുത്തു. വാക്സിനെടുത്തതിന് പിന്നാലെ ശാന്തമ്മ തളർന്നു വീണു. പിന്നെ അനക്കമില്ലെന്നും കുടുംബം പറയുന്നു. 7 ദിവസം വെന്റിലേട്ടറിലായിരുന്ന ശാന്തമ്മ ഇപ്പോൾ തീവ്രപചരണ വിഭാഗത്തിലാണ്. ശാന്തമ്മയുടെ മകൾ സോണിയ അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടിനും പരാതി നൽകും.
വാക്സിൻ എടുത്തതിന്റെ പാർശ്വഫലമാണെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് കുടുംബം പറയുന്നു. സമ്മത പത്രത്തിൽ ഒപ്പ് വാങ്ങിയാണ് വാക്സിനെടുത്തതെന്നും ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നുമാണ് ഡോക്ടർമാർ പറയുന്നതെന്ന് കുടുംബം പറയുന്നു. എന്നാൽ വിഷയത്തിൽ മെഡിക്കൽ കോളേജ് അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
إرسال تعليق