കാസർകോട്: കാസർകോട് നീലേശ്വരത്തെ പടക്ക അപകടത്തില്‍ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരുടെ അറസ്റ്റാണ് നീലേശ്വരം പൊലീസ് രേഖപ്പെടുത്തിയത്. കളിയാട്ട മഹോത്സവത്തിനായി സൂക്ഷിച്ചിരുന്ന പടക്കങ്ങൾക്ക് തീപിടിച്ച് 154 പേർക്കാണ് പരിക്കേറ്റത്. 16 പേരുടെ നില ഗുരുതരമാണ്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം തന്നെ പടക്കം പൊട്ടിച്ചതാണ് അപകടത്തിന് വഴി വച്ചതെന്നാണ്
പ്രാഥമിക വിവരം. പരിക്കേറ്റവർ കേരളത്തിലെയും കർണാടകയിലെയും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഉത്തരകേരളത്തിലെ കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിക്കുന്ന നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ ഉത്സവത്തിനിടയാണ് പടക്ക ശേഖരത്തിന് തീ പിടിച്ചത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. മൂവാളംകുഴി ചാമുണ്ഡിയുടെ തോറ്റം എഴുന്നള്ളിപ്പ് കാണാനായി ക്ഷേത്ര പരിസരമാകെ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി നിൽക്കുന്ന നേരത്തായിരുന്നു അപകടം. കളിയാട്ടത്തിനായി എത്തിച്ച പടക്കങ്ങളും പൂജാ ദ്രവ്യങ്ങളും അടക്കം സൂക്ഷിച്ചിരുന്ന കലവറ പൊടുന്നനെ ഉഗ്ര ശബ്ദത്തിൽ അഗ്നിഗോളമായി മാറുന്നതാണ് ക്ഷേത്രമുറ്റത്ത് നിന്നവർ കണ്ടത്. കലവറയ്ക്കുള്ളിലും ചുറ്റുപരിസരങ്ങളിലുമായി നിന്ന 150 ഓളം പേരാണ് പൊള്ളലേറ്റ് വീണത്. കലവറയ്ക്കുള്ളിൽ നിന്നവരിലേറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. പരിഭ്രമിച്ചോടുന്നതിനിടെ തട്ടി വീണും നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 157 പേരിൽ 97 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പടക്കം സൂക്ഷിച്ചിരുന്ന കലവറയ്ക്ക് തൊട്ടുപിന്നിൽ തന്നെ പടക്കം പൊട്ടിക്കാൻ എടുത്ത തീരുമാനമാണ് ദുരന്തം ക്ഷണിച്ചു വരുത്തിയത്. മുപ്പതിനായിരം രൂപയുടെ ചൈനീസ് പടക്കങ്ങൾ മാത്രമേ വാങ്ങിയിരുന്നുള്ളൂ എന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ വാദം. എന്നാൽ, പുറത്ത് വരുന്ന ദൃശ്യങ്ങളും പൊട്ടിത്തെറിയുണ്ടായ സ്ഥലത്തെ അവശേഷിപ്പുകളും ക്ഷേത്ര കമ്മിറ്റി വാദങ്ങൾ ഖണ്ഡിക്കുന്നതായി സ്പോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ അനുമതിയും വാങ്ങിയിരുന്നില്ല. സംഭവത്തില്‍ 8 പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗുരുതരമായ വീഴ്ചയാണ് ക്ഷേത്ര കമ്മിറ്റിയുടെ ഭാഗത്ത് ഉണ്ടായതെന്ന് കാഞ്ഞങ്ങാട് എം എൽ എയും മുൻ മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ ആരോപിച്ചു.
إرسال تعليق