Join News @ Iritty Whats App Group

യുഎൻ സമാധാന സംഘത്തിന് നേരെയും ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പ്, വ്യാപക പ്രതിഷേധം


ബെയ്റൂട്ട്: യു.എൻ സമാധാനസംഘത്തിന് നേ​രെ ഇസ്രായേൽ സൈന്യം വെടിയുതിർത്തതായി റിപ്പോർട്ട്. ലബനാനിലെ യൂനിഫിൽ അം​ഗങ്ങൾക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്നും സംഭവത്തിൽ രണ്ട് അം​ഗങ്ങൾക്ക് പരിക്കേറ്റെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇസ്രായേൽ സൈന്യത്തിന്റെ നടപടിയിൽ അന്താരാഷ്ട്രതലത്തിൽ വ്യാപക പ്രതിഷേധമുയർന്നു. നകൗരയിലെ യു.എൻ സമാധാനസേനയുടെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്നും കമ്യൂണിക്കേഷൻ സിസ്റ്റം തകരാറിലാക്കുകയും ചെയ്തുവെന്നും യു.എന്നും സ്ഥിരീകരിച്ചു.

ഷെല്ലുകളും ചെറു ആയുധങ്ങളും ഉപയോഗിച്ചാണ് ആ​ക്രമണം നടത്തിയതെന്ന് ലബനാനിലെ യു.എൻ സമാധാനസേനയുടെ ഉദ്യോഗസ്ഥ ആൻ​ഡ്രിയ തെനന്റി പറഞ്ഞു. കഴിഞ്ഞ 12 മാസത്തിനിടെ തങ്ങൾ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നും യുഎൻ അറിയിച്ചു. സമാധാന സേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അയർലണ്ട് നേതാവ് സൈമൺ ഹാരിസ് പറഞ്ഞു. സമാധാന സംഘത്തിൽ ഏറെയും ഐറിഷുകാരാണ്. സംഭവത്തിൽ പെൻ്റഗൺ പ്രസ് സെക്രട്ടറി മേജർ ജനറൽ പാറ്റ് റൈഡറും ആശങ്ക രേഖപ്പെടുത്തി. എന്നാൽ, ഇസ്രായേൽ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ബെയ്റൂട്ട് ലബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. സെൻട്രൽ ബെയ്റൂട്ടിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരുക്കേൽക്കുകയും ചെയ്തെന്ന് റിപ്പോർട്ട്. അതേസമയം, ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രണ്ട് കപ്പലുകൾക്കെതിരെ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു.

കഴിഞ്ഞ ദിവസം ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു. ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന റുഫൈദ സ്‌കൂളിനു നേരെയാണ്‌ ആക്രമണമുണ്ടായത്. 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group