Join News @ Iritty Whats App Group

ഷാരോണ്‍ വധക്കേസ്: വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും


തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. ഷാരോണ്‍ രാജ് കൊല്ലപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷമാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ നടക്കുന്നത്. 131 സാക്ഷികളെയാണ് കേസില്‍ കോടതി വിചാരണ ചെയ്യുന്നത്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളും ആണ് ഉള്ളത്.

മറ്റൊരാളെ വിവാഹം കഴിക്കാന്‍ കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് കാമുകനായ ഷാരോണിന്റേതെന്നാണ് പാറശ്ശാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. മരിച്ച ഷാരോണും ഗ്രീഷ്മയും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരാളുമായി വിവാഹം തീരുമാനിച്ചതോടെ യുവാവിനെ ഒഴിവാക്കാന്‍ പ്രതി ശ്രമിക്കുകയായിരുന്നു. പലപ്പോഴായി ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷമായിരുന്നു കൊലപാതകം.

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാരോണ്‍ പിന്നീട് സുഖം പ്രാപിച്ചിരുന്നു. ഇതോടെ വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കുകയായിരുന്നു. സാവധാനം ആന്തരിക അവയവങ്ങളെ ബാധിക്കുന്ന വിഷം ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയിരുന്നു. ചികിത്സയിലിരിക്കെ 11 ദിവസത്തിന് ശേഷമാണ് ഷാരോണ്‍ ആശുപത്രിയില്‍ മരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group