പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കളക്ടർ അരുൺ കെ.വിജയൻ. കത്ത് സബ് കളക്ടർ വഴിയാണ് പത്തനംതിട്ട മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ കുടുംബത്തിനു കൈമാറിയത്.
മാപ്പ് അപേക്ഷിച്ചുള്ള കത്ത് രാവിലെയോടെ മലയാലപ്പുഴയിലെ വീട്ടിൽ നേരിട്ട് എത്തിക്കുകയായിരുന്നു. സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കളക്ടർ കത്തിൽ പറയുന്നു. ഇന്നലെ കളക്ടർ പത്തനംതിട്ടയിൽ എത്തിയിരുന്നുവെങ്കിലും കാണാൻ താത്പര്യമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടർന്നാണ് കത്തെഴുതി കുടുംബത്തിനു കൈമാറിയത്. കത്തിൽ ഒപ്പോ സീലോ രേഖപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കളക്ടറുടെ കത്ത്
സ്വീകരിക്കാനാകില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം
പത്തനംതിട്ട: കണ്ണൂർ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് മരിച്ച എഡിഎം നവീൻ ബാബുവിന്റെ കുടുംബം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഇക്കാര്യം തങ്ങളെ അറിയിച്ചതായി സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ജി. അഖിൽ അറിയിച്ചു. കേസില്‍ നിയമസഹായം വേണമെന്ന് നവീന്റെ കുടുംബം ആവശ്യപ്പെട്ടതായും അഖില്‍ പറഞ്ഞു.
إرسال تعليق