പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിൽ വിജയ പ്രതീക്ഷ പങ്കുെവച്ച് കെ മുരളീധരൻ. തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് സുസജ്ജമാണെന്നും സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഏകദേശ ധാരണ ആയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് മണ്ഡലത്തിൽ വിജയിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും തങ്ങൾക്കില്ലെന്നും ചേലക്കരയിൽ ഇക്കുറി അട്ടിമറി പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ യുവാക്കൾക്കും സ്ത്രീകൾക്കുമെല്ലാം കൂടുതൽ പരിഗണന നൽകണമെന്ന ആവശ്യവും മുരളീധരൻ പങ്കുവെച്ചു.
'പാർട്ടി തിരഞ്ഞെടുപ്പിന് തയ്യാറാണ്. എല്ലാ സംവിധാനങ്ങളുമായി മുന്നോട്ട് പോകുകയാണ്. പാലക്കാട് തീർച്ചയായും പാർട്ടി വിജയിക്കും. ചേലക്കരയിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇടതുപക്ഷമാണ് വിജയിച്ചിരുന്നത്. അതിന് അതിന്റേതായ കാരണങ്ങളും സാഹചര്യങ്ങളും ഉണ്ടായിരുന്നു.ഇത്തവണ അതിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം പാലക്കാടിന്റെ കാര്യത്തിൽ ഒരു ശതമാനം പോലും സംശയം ഇല്ല.
പ്രതിപക്ഷ നേതാവ് വിളിച്ച് സ്ഥാനാർത്ഥികളെ കുറിച്ചുള്ള ഏകദേശ ധാരണ എന്താണെന്ന് അറിയിച്ചിരുന്നു. അതിനെ സ്വാഗതം ചെയ്യുകയാണെന്ന് അറിയിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിൽ മാത്രമല്ല, വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും സ്ഥിരം മത്സരിക്കുന്ന ഞങ്ങളൊക്കെ മാറി പുതിയ സെറ്റപ്പ് വരണം. നിലവിലെ എംഎൽഎമാരെ നിലനിർത്തിക്കൊണ്ട് തന്നെ പുതിയ സ്ഥാനാർത്ഥികൾ ഉണ്ടാകണം. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ ആരോഗ്യം അനുവദിച്ചാൽ മാത്രം എന്നെ പരിഗണിച്ചാൽ മതിയെന്നും താൻ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കഴിയുന്നതും 2030 വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അവധി കൊടുത്തിരിക്കുകയാണ്', മുരളീധരൻ പറഞ്ഞു.
നവംബർ 13 നാണ് ചേലക്കരയിലും പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിനാണ് മണ്ഡലത്തിൽ മുൻതൂക്കം. ഷാഫിയുടെ പകരക്കാരനായി യുവ നേതാവ് തന്നെ ഇറങ്ങട്ടെയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ പേര് പരിഗണിക്കപ്പെട്ടത്. ഷാഫിയുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് രാഹുൽ. അതേസമയം ചേലക്കരയിൽ മുൻ എം പി രമ്യ ഹരിദാസിന്റെ പേരിനാണ് സാധ്യത. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനോട് പരാജയപ്പെട്ടെങ്കിലും ചേലക്കരയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ രമ്യക്ക് സാധിച്ചിരുന്നു. കെ രാധാകൃഷ്ണന്റെ സ്വന്തം വാർഡിലടക്കം രമ്യ കൂടുതൽ വോട്ട് നേടിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് രമ്യയുടെ പേര് പരിഗണിക്കുന്നത്. വിജ്ഞാപനം വന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം നേതൃത്വം പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
إرسال تعليق