Join News @ Iritty Whats App Group

മലയോര മേഖലയിലെ സമാന്തര സർവീസുകൾക്കെതിരെ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പും പോലീസും

ഇരിട്ടി: സ്വകാര്യ ബസ് സർവീസുകളെ പ്രതിസന്ധിയിലാക്കി മലയോര മേഖലകളിൽ സമാന്തര സർവ്വീസുകൾ വ്യാപകമായതോടെ ഇതിനെതിരേ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പും പോലീസും. ഗ്രാമീണ മേഖലകളിലേക്കുള്ള ബസ്സുകൾക്ക് മുന്നിൽ ഓട്ടോറിക്ഷകളും ടാക്‌സികളും യാത്രക്കാരെ കയറ്റി പോകുന്നത് പതിവായതോടെ ഇത്തരം ബസ്സ് സർവ്വീസുകൾ പലതും നിർത്താനിടയായതാണ് ഇത്തരം സമാന്തര സർവീസുകൾക്കെതിരെ അധികൃതർ നടപടികളുമായി രംഗത്തെത്തിയത്. നിർത്തിവെച്ച ബസ്സുകളുടെ നിലവിലുള്ള സർവ്വീസുകൾ പുനസ്ഥാപിക്കുന്നതിനും ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന സർവ്വീസുകൾ നിലനിർത്തുന്നതിനുമായി ഇരു വകുപ്പുകളും ചേർന്ന് പരിശോധന ശക്തമാക്കും. ഗ്രാമപ്രദേശങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് ട്രീപ്പുമായി വരുന്ന ഓട്ടോറിക്ഷകളും ടാക്‌സികളും പ്രധാന കവലകളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും നിർത്തി യാത്രക്കാരെ കയറ്റിപോകുന്നത് പതിവായിരുന്നു. ഇത് നഗരത്തിലെ ഓട്ടോ, ടാക്‌സികൾക്കും പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നും ട്രീപ്പ് വിളിച്ചു വരുന്നവരിൽ നിന്നും യഥാർത്ഥ നിരക്ക് ഈടാക്കിയ ശേഷം മടക്കയാത്രയിൽ അളുകളെ കയറ്റിപോകുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ലാഭമാണ് ഇത്തരം പ്രവണതകൾ വർദ്ധിക്കുന്നതിനിടയാക്കിയത്. ഇതുമൂലം ഈ റൂട്ടുകളിലേക്ക് ഓടുന്ന ബസ്സുകൾക്ക് വൻ നഷ്ടം ഉണ്ടാവുകയും പല ബസ്സുകളും നിർത്താൻ ഇടയാക്കുകയും ചെയ്തു. എന്നാൽ ചില ബസ് തൊഴിലാളികളുടെ ഒറ്റപ്പെട്ട പ്രതിഷേധം ഉയരുന്നതല്ലാതെ മറ്റ് നടപടികളൊന്നും ഉണ്ടായിരുന്നില്ല.
   

ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഹാളിൽ നടന്ന താലൂക്ക് പരിധിയിലെ വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നടപടി ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്. മലയോര മേഖലയിലെ സ്വകാര്യ ബസുകൾ അനുഭവിക്കുന്ന ഇത്തരം സമാന്തര സർവീസുകളുടെ കടന്നു കയറ്റം മൂലമുള്ള പ്രശ്നങ്ങൾ സംബന്ധിച്ച വ്യാപക പരാതി തുടർന്നാണ് സംയുക്ത യോഗം വിളിച്ചു ചേർത്തത്. 
അസോസിയേഷൻ പ്രസിഡൻറ് ടൈറ്റസ് ബെന്നി അധ്യക്ഷത വഹിച്ചു. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് എം വി ഐ സി. എ. പ്രദീപ് കുമാർ, ഇരിട്ടി എസ് ഐ രാജീവൻ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷനിൽകുമാർ, എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റൻറ് വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീരാഗ്, ബസ് ഉടമകളേയും തൊഴിലാളി യൂണിയനുകളേയും പ്രതിനിധീകരിച്ച് അജയൻ പായം, സാബു സെന്റ് ജൂഡ്, പി. ചന്ദ്രൻ എന്നിവരും വിവിധ സംഘടനാ നേതാക്കളും പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group