കണ്ണൂർ: എഡിഎം നവീൻ ബാബു വിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥർ അവധിയെടുക്കും.
മരണത്തില്‍ ഉത്തരവാദിയായവർക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. സർവീസ് സംഘടനകളുടെ ആഹ്വാനപ്രകാരമല്ല പ്രതിഷേധം. വില്ലേജ് ഓഫിസ് മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്.
നവീൻ ബാബുവിന്റെ മരണത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട മലയാലപ്പുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസും ബിജെപിയും കണ്ണൂർ നഗരസഭ പരിധിയില്‍ ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താല്‍ തുടങ്ങി. വൈകീട്ട് ആറ് വരെയാണ് ഹർത്താല്‍.
പി പി ദിവ്യയുടെ വീട്ടിലേക്ക് കോണ്‍ഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും. കൂടുതല്‍ പൊലീസിനെ ദിവ്യയുടെ വീടിനു സമീപം നിയോഗിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് ദിവ്യ തയ്യാറായിട്ടില്ല.
നവീൻ ബാബുവിന്റെ മരണത്തില്‍
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി. ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട്
കണ്ണൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന 24 മണിക്കൂർ സത്യാഗ്രഹ സമര പന്തലില്‍ നിന്ന്
അതേസമയം, പിപി ദിവ്യയ്ക്കെതിരെ പരാതി നല്കി എഡിഎമ്മിന്റെ കുടുംബം. നവീൻ ബാബുവിന്റെ സഹോദരൻ പ്രവീണ്‍ ബാബുവാണ് പോലീസില്‍ പരാതി നല്‍കിയത്. കണ്ണൂർ സിറ്റി പൊലീസ്, കണ്ണൂർ എസ്പി, ഡിജിപി എന്നിവർക്കാണ് പരാതി നല്‍കിയത്. നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹത മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു.
പിപി ദിവ്യ, എഡിഎം നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീണ്‍ ബാബുവിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നു.
എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയുടെയും പെട്രോള്‍ പമ്ബിന് അപേക്ഷ നല്കിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും അഭിഭാഷകൻ കൂടിയായ പ്രവീണ്‍ ബാബു ചൂണ്ടിക്കാട്ടുന്നു.
إرسال تعليق