ബെംഗളൂരു: ബെംഗളൂരുവിൽ സഹോദരനും സഹോദരിക്കും നേരെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം. വയനാട് സ്വദേശികൾക്ക് നേരെയാണ് ഒരു സംഘമാളുകൾ ആക്രമണം നടത്തിയത്. സഹോദരിയെ ഹോസ്റ്റലിൽ കൊണ്ടുചെന്ന് വിട്ട സഹോദരന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ബെംഗളൂരുവിലെ ചന്ദാപുരയിലുള്ള പിജി ഹോസ്റ്റലിലാണ് സംഭവം.
സഹോദരിയെ രാത്രി പതിനൊന്നരയോടെ ഹോസ്റ്റലിൽ കൊണ്ട് വിടുകയായിരുന്നു വയനാട് പുൽപ്പള്ളി സ്വദേശിയായ ആദർശ്. എന്നാൽ പെൺകുട്ടിയെ അകത്ത് കയറ്റിയില്ലെന്ന് ഹോസ്റ്റൽ വാർഡൻ പറയുകയായിരുന്നു. വിവരം കിട്ടിയപ്പോൾ തിരിച്ച് ചെന്ന് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് ആദർശ് പറയുന്നു. ഇരുമ്പ് വടി കൊണ്ട് തന്നെയും തന്‍റെ കസിനെയും തല്ലുകയും വഴിയിൽ ഇട്ട് മർദ്ദിക്കുകയും ചെയ്തു. കൂടെ തന്‍റെ സഹോദരിയെയും കെട്ടിടമുടമ പിടിച്ച് തള്ളിയെന്നും ആദർശ് പറഞ്ഞു.
പെൺകുട്ടിയെ രാത്രി ഹോസ്റ്റലിന് അകത്തേക്ക് കയറ്റാതെ പിജി പ്രവർത്തിച്ചിരുന്ന കെട്ടിടമുടമ റോഡിൽ നിർത്തിയെന്നും പരാതിയുണ്ട്. പിജി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ ഉടമ ആനന്ദ് റെഡ്ഡിക്കെതിരെയാണ് പരാതി. കുട്ടിയുടെ സുഹൃത്തുക്കൾ മുകളിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ സഹിതം ഇവർ ബെംഗളൂരു സൂര്യ സിറ്റി പൊലീസിലാണ് യുവാവ് പരാതി നൽകിയത്.
إرسال تعليق