Join News @ Iritty Whats App Group

തെറ്റിദ്ധാരണകള്‍ നീങ്ങി; അര്‍ജുൻ്റെ കുടുംബത്തെ കാണാൻ മനാഫെത്തി

:ലോറി ഉടമ മനാഫിനെതിരെ അർജുൻ്റെ കുടുംബം ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ മലയാളികള്‍ വലിയ ധർമ്മ സങ്കടത്തിലായിരുന്നു. അർജുന് വേണ്ടി ഒന്നിച്ചു നിന്ന മലയാളക്കര രണ്ട് ചേരികളായി തിരിഞ്ഞ് സൈബറിടങ്ങളില്‍ പോർവിളികള്‍ നടത്തി. അർജുൻ്റെ അമ്മയും ഭാര്യയും സഹോദരിയും വരെ സൈബർ ആക്രമണത്തിനിരയായി. എന്നാല്‍ തെറ്റിദ്ധാരണകള്‍ക്ക് വിരാമമിട്ടുകൊണ്ട് പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്ത് ഒന്നിക്കുകയാണ് മനാഫും അർജുൻറെ കുടുംബവും. കുറെ തെറ്റിദ്ധാരണകള്‍ മൂലമുണ്ടായ പിണക്കവും പരിഭവങ്ങളും പൂർണമായി നീങ്ങി.


ഇനി മനാഫ് അർജുൻ്റെ കുടുംബത്തിനൊപ്പമുണ്ടാകും. ജിതിൻ ഉള്‍പ്പെടെ അർജുൻ്റെ കുടുംബവും മനാഫിനെയും ചേർത്തു നിർത്തും. ജിതിനെ കാണാൻ മനാഫെത്തിയതോടെയാണ് തെറ്റിദ്ധാരണകള്‍ നീങ്ങിയത്. പ്രശ്നങ്ങള്‍ പറഞ്ഞു തീർത്തുവെന്ന് ജിതിനും മനാഫും പ്രതികരിച്ചതോടെ മലയാളികള്‍ക്കും ആശ്വാസം. പറയാനുദ്ദേശിച്ചത് വാർത്താ സമ്മേളനത്തില്‍ പൂർത്തിയാക്കാനായില്ലെന്നും വർഗീയവാദിയാക്കിയതില്‍ വിഷമമുണ്ടെന്നും ജിതിൻ പറഞ്ഞു.


ലോറി ഉടമ മനാഫിനെതിരെ ആരോപണങ്ങളുമായി അർജുൻറെ കുടുംബം രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബർ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും അർജുന്റെ ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അർജുൻറെ സഹോദരീ ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബർ ആക്രമണം രൂക്ഷമായതോടെ മനാഫ് വാർത്താസമ്മേളനം നടത്തി അർജുൻറെ കുടുംബത്തോട് നിരുപാധികം മാപ്പുപറഞ്ഞു. അർജുൻറെ കുടുംബത്തിനെതിരായി നടക്കുന്ന സൈബർ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. തന്നെ ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും മനാഫ് പ്രതികരിച്ചിരുന്നു.




യൂട്യൂബ് ചാനല്‍ എല്ലാവർക്കും പരിശോധിക്കാം. മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. സങ്കടമുണ്ടെന്നും വലിയ മാനസിക സംഘർഷത്തിലാണെന്നും മനാഫ് കൂട്ടിച്ചേർത്തിരുന്നു. അർജുന്റെ കുടുംബത്തിനൊപ്പമാണ് താനും തന്റെ കുടുംബവുമുള്ളതെന്നും ഇതോടെ ഈ വിവാദം അവസാനിപ്പിക്കണമെന്നും മനാഫ് വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.എന്തായാലും ഉണ്ടായ തെറ്റിധാരണകളെല്ലാം പറഞ്ഞു തീർത്തതിലൂടെ മനാഫും അർജുൻറെ കുടുംബവും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമാണ് മറുപടിയായത്.

Post a Comment

أحدث أقدم
Join Our Whats App Group