ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് എന്ന പേരിലുള്ള പുതിയ തട്ടിപ്പുകൾക്കെതിരേ മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ലെന്നും ഇന്ത്യയിൽ ഒരു അന്വേഷണ ഏജന്‍സിക്കും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാനാവില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. മൻ കി ബാത്തിന്റെ 115-ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി പേര് ഇത്തരം തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നല്‍കിയത്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഒരാള്‍ തട്ടിപ്പ് നടത്തുന്ന ദൃശ്യവുമായാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.
പരാതികള്‍ വ്യാപകമായതോടെ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് നാഷണല്‍ സൈബര്‍ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ തയാറാക്കിയിട്ടുണ്ട്. വീഡിയോ കോള്‍ വന്ന നിരവധി ഐഡികളും സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും ബ്ലോക്ക് ചെയ്തെന്നും പ്രധാനമന്ത്രി അറിയിച്ചു.
അത്തരം കോളുകൾ വരുമ്പോൾ പരിഭ്രാന്തരാകരുത്. ഒരു വ്യക്തിഗത വിവരവും കൈമാറരുത്. കഴിയുമെങ്കില്‍ വീഡിയോ കോളിന്റെ സ്ക്രീന്‍ ഷോട്ട് എടുക്കണം അല്ലെങ്കില്‍ റിക്കാര്‍ഡ് ചെയ്യണം. പിന്നീട് ദേശീയ സൈബര്‍ ഹെല്പ് ലൈന്‍ നമ്പര്‍ 1930ല്‍ വിവരമറിയിക്കണം. തുടര്‍ന്ന് cybercrime.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് തെളിവുകളടക്കം പരാതി അയക്കണം. പോലീസിലും വിവരങ്ങള്‍ കൈമാറണമെന്നും പ്രധാനമന്ത്രി അറിയിച്ചു.
إرسال تعليق