Join News @ Iritty Whats App Group

വയനാടൻ ചുരം കയറാൻ എൻഡിഎ; നവ്യ ഹരിദാസ് നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കൽപ്പറ്റ: വയനാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് കനക്കുന്നു. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വരണാധികാരിയായ ജില്ലാ കലക്ടർ മേഘശ്രീക്ക് മുമ്പാകെ ഉച്ചയ്ക്ക് 12 മണിക്കാണ് നവ്യ പത്രിക സമർപ്പിക്കുക. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ, പി.സദാനന്ദൻ, കെ.പി.മധു, ബി.ഡി.ജെ.എസ് ജില്ല പ്രസിഡൻ്റ് മോഹനൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിക്കും.

വയനാടിനെ കോൺഗ്രസിൻ്റെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ലെന്ന് നവ്യ ഹരിദാസ് വ്യക്തമാക്കി കഴിഞ്ഞു. 5 വർഷക്കാലം എം.പി ആയി ഇരുന്ന രാഹുൽ ​ഗാന്ധി വയനാടിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് നവ്യ വിമർശിച്ചു. വയനാട് കാണാനെത്തിയ വിനോദ സഞ്ചാരികൾ എന്നാണ് രാഹുലിനെയും പ്രിയങ്കയെയും നവ്യ വിശേഷിപ്പിച്ചത്. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാട്ടിൽ ജനങ്ങൾക്ക് ഒപ്പം നിൽക്കുന്ന എം.പിയെ ആണ് ആവശ്യമെന്നും നവ്യ വ്യക്തമാക്കിയിരുന്നു. 

അതേസമയം, ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രിയങ്ക വയനാട്ടിലേക്ക്‌ വരുന്നത് നാട്ടുകാരെ വീണ്ടും കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. വയനാട്ടിലെ വോട്ടർമാർ വീണ്ടും വഞ്ചിതരാകരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് ജയിച്ച പ്രിയങ്കയുടെ സഹോദരൻ രാഹുൽ വയനാട്ടിലെ വോട്ടർമാരെ വഞ്ചിച്ചു. 
അവർ വീണ്ടും കബളിപ്പിക്കപ്പെടാൻ തയ്യാറാകില്ല. രാഹുൽ ഗാന്ധി അവരെ വിഡ്ഢികളാക്കിക്കഴിഞ്ഞെന്നും എന്നാൽ ഇപ്രാവശ്യം അവർ വഞ്ചിതരാകില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. 

ഇത്തവണ ബിജെപിയും കോൺഗ്രസും തമ്മിലുള്ള മത്സരമാണ് വയനാട്ടിൽ സംഭവിക്കുക. അഞ്ച് വർഷമായി രാഹുൽ അവിടെ ഒന്നും ചെയ്തിട്ടില്ല. പ്രിയങ്ക ഗാന്ധി വാദ്രയും ഇതേ പാരമ്പര്യം പിന്തുടരുമെന്നുറപ്പാണ്. ഈ സാഹചര്യത്തിൽ ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസിനെ വയനാട്ടിലെ ജനങ്ങൾ തീർച്ചയായും പിന്തുണക്കുക തന്നെ ചെയ്യുമെന്നും കാരണം അവർ കൂടുതൽ കഴിവുള്ള വ്യക്തിയാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. 

മലയാളിയായ നവ്യ വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പ്രയത്നിക്കുക തന്നെ ചെയ്യും. വയനാടിൻ്റെ പ്രശ്‌നങ്ങൾ എന്താണെന്ന് പ്രിയങ്കക്ക് അറിയില്ല, കഴിഞ്ഞ അഞ്ച് വർഷമായി വയനാടിന് വേണ്ടി ഒന്നും ചെയ്യാത്ത സ്വന്തം സഹോദരൻ കൂടിയായ എംപിയുടെ പിൻഗാമിയാണവർ. രാഹുൽ ഗാന്ധിയും തന്നെ തെരഞ്ഞെടുത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വോട്ട് ചോദിച്ചെങ്കിലും വയനാട്ടിലെ ജനങ്ങളെ കൈവിടുമെന്ന വിവരം അദ്ദേഹം മറച്ചുവച്ചു. വയനാട്ടിൽ ഒരു ദുരന്തമുണ്ടായി. എം പി എന്ന നിലയിൽ രാഹുൽ ഗാന്ധി അവിടെ ഒന്നും ചെയ്തില്ല. ന്യൂനപക്ഷ വോട്ടർമാർ ഏറെയുള്ളതിനാൽ വയനാട് സുരക്ഷിത സീറ്റാണെന്നാണ് പ്രിയങ്ക കരുതുന്നതെന്നും പകരം വിദ്യാസമ്പന്നയും എഞ്ചിനീയറുമായ നവ്യക്ക് ജനങ്ങൾ അവസരം നൽകുന്നതാണ് ഉചിതമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group