ടെൽ അവിവ്: മദ്ധ്യ-വടക്കൻ ഇസ്രയേലിലെ സൈനിക കേന്ദ്രത്തിൽ ഹിസ്‍ബുല്ലയുടെ വ്യോമാക്രമണം. നാല് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. അറുപതോളം പേർക്ക് പരിക്കേറ്റതായും ഇസ്രയേൽ സൈന്യം പുറത്തുവിട്ട പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ യുദ്ധം ആരംഭിച്ച ശേഷം ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് പ്രാദേശിക സമയം ഞായറാഴ്ച രാത്രി ഉണ്ടായത്.
ടെൽ അവീവിന് വടക്കുള്ള ബിൻയാമിന നഗരത്തിലാണ് ഡ്രോൺ ഉപയോഗിച്ച് ഹിസ്‍ബുല്ല ആക്രമണം നടത്തിയതെന്ന് ഇസ്രയേലി പ്രതിരോധ സേന അറിയിച്ചു. ലെബനാൻ അതിർത്തിയിൽ നിന്ന് 65 കിലോമീറ്ററോളം അകലെയാണ് ഇവിടുത്തെ സൈനിക കേന്ദ്രം. പരിക്കേറ്റവരിൽ ഏഴ് സൈനികരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ബിൻയാമിനയിലെ ഇസ്രയേലി സൈനിക പരിശീലന കേന്ദ്രം ലക്ഷ്യമാക്കി ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഞായറാഴ്ച ഹിസ്‍ബുല്ല അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടെന്ന വിവരം ഇസ്രയേൽ പുറത്തുവിട്ടത്.
വ്യാഴാഴ്ച ഇസ്രയേൽ ലെബനോനിൽ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയാണ് സൈനിക കേന്ദ്രത്തിലെ ഡ്രോൺ ആക്രമണമെന്നാണ് ഹിസ്‍ബുല്ല അറിയിച്ചത്. ഈ ആക്രമണത്തിൽ 22 പേർ മരിക്കുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചായിരുന്നു ഞായറാഴ്ചത്തെ ഹിസ്‍ബുല്ലയുടെ ആക്രമണമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആക്രമണം സംബന്ധിച്ച് പ്രതിരോധ സംവിധാനത്തിൽ നിന്ന് മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് സൂചന. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് ഇസ്രയേൽ പ്രതിരോധ സേനയുടെ മുതിർന്ന വക്താവ് റിയർ അഡ്‍മിറൽ ഡാനിയൽ ഹഗാരി അറിയിച്ചു.
إرسال تعليق