ദില്ലി : 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്തു ദിവസം കൂടി തുടരും. പത്തനംതിട്ട സ്വദേശി തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിരുന്നു. നാലാമത്തെ മൃതദ്ദേഹം ആരുടേതെന്ന് വ്യക്തമായി തിരിച്ചറിഞ്ഞില്ലെങ്കിലും ബന്ധുക്കളെക്കുറിച്ച് സൂചന ലഭിച്ചതായി സൈന്യം അറിയിച്ചു. ദൗത്യത്തിൻറെ വിശദാംശങ്ങളും സേന പ്രതിരോധമന്ത്രിയെ അറിയിച്ചു. 1968 ഫെബ്രുവരി 7 ന് ഹിമാചൽ പ്രദേശിലെ റോത്തങ്ങ് പാസിൽ നടന്ന സൈനിക വിമാന അപകടത്തിൽ 102 പേർ മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെയും കണ്ടെത്തിയത്.
56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതിൽ ബന്ധുക്കൾക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും.1968 ൽ ഹിമാചൽ പ്രദേശിലെ റോത്തങ്ങ് പാസിൽ ഉണ്ടായ വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശി ഒടാലിൽ തോമസ് ചെറിയാൻ ഉൾപ്പെടെ നാലു സൈനികരുടെ മൃതദേഹമാണ് രാജ്യ ചരിത്രത്തിലെ ഏറ്റവും ദൈർഘമേറിയ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്. കാണാതാകുമ്പോൾ 22 വയസ്സ് മാത്രമായിരുന്നു തോമസ് ചെറിയാന്റെ പ്രായം. ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനുള്ള നീക്കത്തിലാണ് സൈന്യം. 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാന അപകടത്തിലാണ് തോമസ് ചെറിയാനെ കാണാതായത്. ഇദ്ദേഹത്തിന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
إرسال تعليق