ബറേലി: ഐശ്വര്യം വരണം നാല് വയസുകാരിയെ ആൾദൈവം പറഞ്ഞത് അനുസരിച്ച് കൊലപ്പെടുത്തി ഉറ്റബന്ധു. ഉത്തർ പ്രദേശിലെ ബറേലിക്ക് സമീപത്തെ ശിഖർപൂർ ചൌധരി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നാല് വയസ് പ്രായമുള്ള മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിലാണ് അന്ധവിശ്വാസത്തേ തുടർന്ന് നടത്തിയ ക്രൂരമായ കൊലപാതകം കണ്ടെത്തിയത്.
മിസ്റ്റി എന്ന നാലുവയസുകാരിയെ ശനിയാഴ്ചയാണ് കാണാതായത്. വീടും പരിസരവും അരിച്ച് പെറുക്കിയിട്ടും കുട്ടിയേക്കുറിച്ച് വിവരം ലഭിക്കാത്തതിനാലാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ഇസത് നഗർ പൊലീസ് സംഭവം അന്വേഷിക്കുമ്പോഴാണ് കുട്ടിയുടെ അമ്മായി സാവിത്രി എന്ന സ്ത്രീയുടെ പെരുമാറ്റത്തിലെ അസ്വഭാവിത ശ്രദ്ധിക്കുന്നത്. വീട്ടിലേക്ക് കുട്ടിയുടെ മാതാപിതാക്കളേപ്പോലും കടത്തി വിടാതെ നിരവിധ വാദങ്ങൾ നിരത്തിയതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇവരുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് കുഴൽക്കിണറിന് സമീപത്ത് കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് പ്രേരകമായത് അന്ധവിശ്വാസമാണെന്ന് പൊലീസ് കണ്ടെത്തിയതായാണ് സീനിയർ സുപ്രണ്ട് അനുരാഗ് ആര്യ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. സ്വയം പ്രഖ്യാപിത ആൾ ദൈവവും ബന്ധുവും ആയ ഗംഗാ റാമിന്റ നിർദ്ദേശം അനുസരിച്ചാണ് സാവിത്രി കൊലപാതകം നടത്തിയത്. ഐശ്വര്യം വരാനുള്ള മന്ത്രവാദ കർമ്മങ്ങളുടെ ഭാഗമായിരുന്നു പിഞ്ചു കുഞ്ഞിന്റെ കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായും കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പൊലീസ് വിശദമാക്കുന്നത്. സാവിത്രിയേയും സ്വയം പ്രഖ്യാപിത ആൾദൈവത്തേയും പൊലീസ് അറസ്റ്റ് ചെയ്തു.
إرسال تعليق