തലശേരി: ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറും ഇരിട്ടി പ്രഗതി കോളജ് അധ്യാപകനുമായിരുന്ന മീത്തലെ പുന്നാട്ടെ അശ്വനികുമാറിനെ(27) ബസിനുള്ളില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് 14ന് വിധി പറയും.
കേസില്‍ 42 സാക്ഷികളെയാണ് വിസ്തരിച്ചത്. 85 രേഖകളും 57 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. വിചാരണയുടെ അടിസ്ഥാനത്തിലുള്ള വാദവും പ്രതികളെ ചോദ്യം ചെയ്യലും കോടതി പൂർത്തിയാക്കിയിരുന്നു. ഡിവൈഎസ്പി ഡി. സാലിയാണ് കുറ്റപത്രം സമർപ്പിച്ചത്.
അശ്വനികുമാർ വധത്തെ തുടർന്ന് പത്ത് ദിവസത്തിനുള്ളില്‍ ഇരിട്ടി പോലീസ് സബ് ഡിവിഷൻ പരിധിയില്‍ നിരവധി അക്രമങ്ങള്‍ അരങ്ങേറുകയും 120 കേസുകള്‍ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.വിചാരണ വേളയില്‍ ഒന്നു മുതല്‍ മൂന്നു വരെ സാക്ഷികളും പതിനൊന്നാം സാക്ഷിയും പ്രതികളെയും ആയുധങ്ങളും തിരിച്ചറിഞ്ഞിരുന്നു.
2005 മാർച്ച് 10ന് രാവിലെ 10.15നാണ് കേസിനാസ്പദമായ സംഭവം. കണ്ണുരില്‍ നിന്ന് പേരാവൂരിലേക്ക് പോവുകയായിരുന്ന അശ്വനികുമാറിനെ ഇരിട്ടി പയഞ്ചേരി മുക്കില്‍ ബസ് തടഞ്ഞുനിർത്തിയാണ് വെട്ടി കൊലപ്പെടുത്തിയത്. ബസിലും ജീപ്പിലുമായി എത്തിയ പ്രതികള്‍ ബസിനുള്ളില്‍ വച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
إرسال تعليق