Join News @ Iritty Whats App Group

ഈ സന്ദേശം ആർക്കും ലഭിക്കാം, 25 രൂപ നൽകി അപ്ഡേറ്റ് ചെയ്യാമെന്ന് പറയും; വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്


തിരുവനന്തപുരം: പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്‍റെ പേരിൽ വ്യാജസന്ദേശം. സാമൂഹിക മാധ്യമങ്ങൾ, എസ് എം എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. “നിങ്ങളുടെ പാഴ്‌സൽ വെയർഹൗസിൽ എത്തിയിട്ടുണ്ട്. പാഴ്‌സൽ നിങ്ങളിലെത്തിക്കാൻ രണ്ടുതവണ ശ്രമിച്ചു. എന്നാൽ വിലാസം തെറ്റായതിനാൽ പാഴ്‌സൽ കൈമാറാനായില്ല.

അതിനാൽ 12 മണിക്കൂറിനകം വിലാസം അപ്ഡേറ്റ് ചെയ്‌തില്ലെങ്കിൽ പാഴ്സൽ തിരിച്ചയയ്ക്കേണ്ടി വരും. വിലാസം അപ്ഡേറ്റ് ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക" എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റൽ വകുപ്പിന്‍റെ പേരിലുള്ള സന്ദേശം പ്രചരിപ്പിക്കുന്നത്.
ഇത്തരത്തിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ തപാൽ വകുപ്പിന്‍റേതിന് സമാനമായ വെബ്സൈറ്റിൽ വ്യക്തിവിവരങ്ങൾ നൽകാനുള്ള പേജാണ് ലഭിക്കുക.

പാഴ്‌സൽ ലഭിക്കുന്നതിനായി 25 രൂപ നൽകാനാണ് തട്ടിപ്പുകാർ ആവശ്യപ്പെടുക. പണം അയക്കാനായി നൽകുന്ന ബാങ്ക് ലോഗിൻ വിവരങ്ങൾ ലഭിക്കുന്നത് തട്ടിപ്പുകാർക്കായിരിക്കും. ഇതുപയോഗിച്ച് തട്ടിപ്പുകാർ ബാങ്കിന്‍റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുകയും നിങ്ങളുടെ അക്കൌണ്ടിലെ തുക പിൻവലിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. തപാൽ വകുപ്പ് വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ട് ഇത്തരത്തിൽ ആർക്കും സന്ദേശങ്ങൾ അയക്കാറില്ല.

ഇത്തരം വ്യാജ ലിങ്കുകൾ വ്യക്തിവിവരങ്ങൾ ചോർത്താനും അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടാനും കാരണമാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്‌താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Post a Comment

أحدث أقدم
Join Our Whats App Group